അടിപ്പാതയിലെ കുരുക്ക് മുറുകുന്നു; കൂടുതൽ ബസുകൾ ഓട്ടം നിർത്തും

എടക്കാട്: ദേശീയപാതയിലെ കുരുക്കിനെത്തുടർന്ന് കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മറ്റു ബസുകളും സർവിസ് നിർത്താൻ ആലോചിക്കുന്നു. തലശ്ശേരി റൂട്ടിൽ ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തതിൽ പ്രതിഷേധിച്ച് അഞ്ചു ദിവസമായി തുടരുന്ന ബസ് പണിമുടക്ക് ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചും ദേശീയപാത അതോറിറ്റിയുടെ നിഷേധാത്മക നടപടിക്കെതിരെയും പ്രതിഷേധ സൂചകമായി ശനിയാഴ്ച മുതൽ എടക്കാട് പെട്രോൾ പമ്പിന് സമീപം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരവും തുടരുകയാണ്. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച മുതൽ തലശ്ശേരി ഭാഗത്തേക്കുള്ള മുഴുവൻ ബസുകളും സർവിസ് നിർത്തിവെക്കുമെന്ന് ബസ് ഉടമകളുടെ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചാല ബൈപാസ് വഴിയുള്ള ബസുകളും തോട്ടട വഴി കിഴുന്നപ്പാറയിലേക്ക് പോകുന്ന ബസുകളും സർവിസ് നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.
ഓണാവധി തുടങ്ങിയതോടെ സാധാരണക്കാരാണ് ബസ് സമരംകൊണ്ട് ഏറെ പ്രയാസപ്പെടുന്നത്. കെ.എസ് ആർ.ടി.സി ബസുകളുടെ പരിമിതമായ സർവിസ് യാത്രാക്ലേശം പരിഹരിക്കുന്നതിന് കാരണമാകുന്നില്ലെന്നും വളരെ വേഗത്തിൽ ബസ് സമരം ഒത്തുതീർക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ബസ് സമരം പരിഹരിക്കാത്തത് വെല്ലുവിളി’എടക്കാട്: കണ്ണൂർ- തോട്ടട -തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയിട്ട് ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത ജില്ല ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നിസ്സംഗത സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ധർമടം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.ഒ.കെ.യു.പി സ്കൂൾ പരിസരത്ത് പുതിയ അടിപ്പാത നിർമിക്കുകയോ നടാൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നുപോവാൻ പറ്റുന്ന വിധത്തിൽ പുതുക്കിപ്പണിയുകയോ വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, ആരിഫ് ചാല, സാദിഖ് പറമ്പായി തുടങ്ങിയവർ സംസാരിച്ചു.