കണ്ണൂരിൽ ബഡ്സ് സ്കൂൾ ക്രൂരത: വനിതാ കമ്മീഷൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കണ്ണൂർ: മങ്ങാട്ടിടം ശിശുമിത്ര ബഡ്സ് സ്പെഷ്യൽ സ്കൂളിൽ മാനസിക വെല്ലുവിളികളുള്ള കുട്ടികൾക്കെതിരെ അധ്യാപകർ നടത്തിയ ക്രൂര പെരുമാറ്റം വീണ്ടും വിവാദമായി. സസ്പെൻഡ് ചെയ്ത അധ്യാപകർ തിരിച്ചെത്തിയെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവം പുറത്തുവന്നത് ഫെബ്രുവരി നാലിനാണ്. PTA യോഗത്തിനിടെ സ്കൂളിലെത്തിയ അമ്മ എം.രാജിന, തന്റെ 28 കാരിയായ വൈകല്യമുള്ള മകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശൗചാലയ സൗകര്യം ലഭിക്കാതിരുന്നതിനാൽ വസ്ത്രങ്ങൾ മലിനമായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ സംസ്ഥാനതലത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.
പിന്നീട് രക്ഷിതാക്കൾ വിവിധ അധികാരികളോട് പരാതികൾ നൽകി. തുടർന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് അവർ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി രക്ഷിതാക്കൾ കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നതും രക്ഷിതാക്കളുടെ പ്രധാന പരാതി തന്നെയാണ്. രക്ഷിതാക്കളുടെ അഭിപ്രായത്തിൽ, സ്കൂളിൽ നിയമിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളില്ല, കൂടാതെ കുട്ടികൾക്ക് സുരക്ഷിതവും മാനുഷികവുമായ അന്തരീക്ഷം ഒരുക്കപ്പെടുന്നില്ല. സംഭവത്തിൽ പോലീസ് പോലും FIR രജിസ്റ്റർ ചെയ്യാതെ വീഴ്ച വരുത്തിയതായും അവർ ആരോപിച്ചു. കുട്ടികളോടുണ്ടായ ക്രൂര പെരുമാറ്റം ഗൗരവമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. വനിതാ കമ്മീഷൻ നേരിട്ടിറങ്ങി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹർജിക്കാർക്കു വേണ്ടി അഡ്വ.കെ.രാജേഷ് ഖന്ന, അഡ്വ. എ. കെ. ശ്യാം മോഹൻ , അഡ്വ.കെ. കെ.ശ്രീഹരി എന്നിവർ ഹാജരായി.