തപാൽ ഉരുപ്പടികൾ അയക്കാൻ ഇന്ന് മുതൽ ചെലവേറും

Share our post

കൊച്ചി :തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ ഇന്ന് മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ ആശ്രയിക്കണം. “രജിസ്‌ട്രേഷനോടുകൂടിയ സ്പീഡ് പോസ്റ്റ്’ ആണ് നാളെ മുതൽ നിലവിൽ വരുന്നത്. ഫലത്തിൽ സ്പീഡ് പോസ്റ്റിന്റെയും രജിസ്‌ട്രേഡ് പോസ്റ്റിന്റെയും നിരക്കുകൾ ഉപഭോക്താവ് കൊടുക്കേണ്ടിവരും. നിലവിൽ സ്പീഡ് പോസ്റ്റിന് 41.30 രൂപയും രജിസ്‌ട്രേഡ് തപാലിന് 26 രൂപയുമാണ് അടിസ്ഥാന നിരക്ക്. അക്‌നോൾജ്‌മെന്റ് സഹിതമുള്ള രജിസ്‌ട്രേഡ് തപാലിന് മൂന്ന് രൂപ കൂടി അധികം നൽകണം. എന്നാൽ, രണ്ട് സേവനങ്ങളും ലയിപ്പിക്കുന്നതോടെ രജിസ്‌ട്രേഡ് തപാലിനെ സ്പീഡ് പോസ്റ്റിന്റെ “ആഡ് ഓൺ’ (കൂട്ടിച്ചേർത്തത്) ആക്കുകയാണ്. അക്‌നോൾജ്‌മെന്റിനുള്ള നിരക്ക് മൂന്നിൽ നിന്ന് പത്ത് രൂപയായി വർധിപ്പിച്ചു. ഉരുപ്പടിയുടെ ഭാരം അനുസരിച്ചാണ് രജിസ്‌ട്രേഡ് തപാലിന്റെ നിരക്കുകൾ തീരുമാനിക്കുന്നത്. പുതിയ ഘടനയിലുള്ള രജിസ്‌ട്രേഷൻ നിരക്കുകളുടെ പട്ടിക പുറത്തിറങ്ങാനിരിക്കുകയാണ്. ചുരുക്കത്തിൽ 26 രൂപ അടിസ്ഥാന നിരക്കും മൂന്ന് രൂപ അക്‌നോൾജ്‌മെന്റിനും സഹിതം 29 രൂപക്ക് രജിസ്‌ട്രേഡ് തപാൽ അയച്ചവർ ഇനി 41.30 രൂപ സ്പീഡ് പോസ്റ്റ് നിരക്കും രജിസ്‌ട്രേഡ് തപാലിന് നിശ്ചയിക്കുന്ന പുതിയ നിരക്കും പത്ത് രൂപ അക്‌നോൾജ്‌മെന്റ് കാർഡിനും നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!