മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനപരാതികൾ; മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡനപരാതികളിൽ മൊഴിയെടുക്കൽ ആരംഭിച്ച് ക്രൈംബ്രാഞ്ച്. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായി. പരാതിയുടെ വിശദാംശങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും ഉൾപ്പെടെ അന്വേഷക സംഘത്തിന് കൈമാറിയതായി ഷിന്റോ സെബാസ്റ്റ്യൻ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിന് ഇരയായ യുവതിക്ക് പരാതിയുമായി മുൻപോട്ടുപോകാനുള്ള അന്തരീക്ഷം ഇപ്പോഴില്ല, സൈബറിടത്തിൽ അത്രയേറെ ആക്രമണമാണ് നടക്കുന്നത്. രാഹുലിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കളെ പോലും സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചു. ഇരയാക്കപ്പെട്ടവർക്ക് മുന്നോട്ടുവരാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണം- ഷിന്റോ സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പത്തിലേറെ പരാതികളാണ് രാഹുലിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം മൂന്നാം കക്ഷികളുടെ പരാതികളുമാണ്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറിയിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശം അയച്ചു, ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങൾ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. അതിജീവിതകൾ മൊഴി നല്‍കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.