ഓണമെത്തി; കുറ്റാലം, പാലരുവി ജലപാതങ്ങളിൽ തിരക്കേറുന്നു

തെന്മല: ഓണാവധി ആഘോഷിക്കാൻ കിഴക്കൻ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഞായറാഴ്ച മഴ മാറിനിന്നതിനാൽ ജലപാതങ്ങളിലുൾപ്പെടെ സഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെട്ടു.ആര്യങ്കാവ് പാലരുവി, തെങ്കാശി, കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം വെള്ളച്ചാട്ടങ്ങൾ ഞായറാഴ്ച രാവിലെമുതൽ കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കു പെയ്ത കനത്ത മഴയെത്തുടർന്ന് പാലരുവി, കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പാലരുവിയിൽ കഴിഞ്ഞദിവസം 1.30 ലക്ഷം രൂപയായിരുന്നു വരുമാനം. കുറ്റാലത്തെക്കാൾ ഐന്തരുവിയിലാണ് തിരക്ക് അനുഭവപ്പെട്ടത്. കുംഭാവുരുട്ടി, മണലാർ വെള്ളച്ചാട്ടങ്ങളിലും നൂറുകണക്കിനു സഞ്ചാരികളെത്തി. കേരളത്തിൽനിന്ന് തെങ്കാശിയിലെ സൂര്യകാന്തിപ്പാടം കാണാനെത്തുന്ന സഞ്ചാരികളിലേറെയും ജലപാതങ്ങൾ സന്ദർശിച്ചാണ് മടങ്ങുന്നത്. പൂക്കൾ കുറഞ്ഞതോടെ സൂര്യകാന്തിമാത്രം ലക്ഷ്യംവെച്ചുള്ള യാത്ര പലരെയും നിരാശരാക്കി.