സപ്ലൈകോ ഗിഫ്റ്റ് കാർഡ് സൂപ്പർഹിറ്റ്; ഇതുവരെ ലഭിച്ചത് രണ്ടേമുക്കാൽ കോടിയോളം രൂപ

Share our post

ഈ ഓണക്കാലത്തെ സൂപ്പർഹിറ്റുകളിലൊന്ന് സപ്ലൈകോ ഗിഫ്റ്റ് കാർഡുകളാണ്. 1,000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാർഡുകൾ വൻതോതിലാണ് വിറ്റുപോകുന്നത്. 1,000 രൂപയുടെത് 30,000 കാർഡുകളും 500 രൂപയുടെത് 13,500 കാർഡുകളുമാണ് ഔട്‌ലെറ്റുകളിലെത്തിച്ചത്. ഇതിൽ 75 ശതമാനത്തിലധികം തീർന്നു. ഈ കാർഡും റേഷൻകാർഡുമായി സംസ്ഥാനത്തെ സപ്ലൈകോയുടെ ഏത് ഔട്‌ലറ്റുകളിൽ ചെന്നാലും അതനുസരിച്ചുള്ള സാധനം വാങ്ങാം. സബ്സിഡി സാധനങ്ങൾ ഗിഫ്റ്റ് കാർഡിൽ ലഭിക്കില്ല. സ്വകാര്യസ്ഥാപനങ്ങളും മറ്റും ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് നൽകാൻ കൂട്ടത്തോടെ കാർഡുകൾ വാങ്ങുന്നുവെന്ന് സപ്ളൈകോ ഉദ്യോഗസ്ഥർ പറയുന്നു. കുറേ കാർഡുകൾ ഒരുമിച്ച് വാങ്ങി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണസമ്മാനമായി കൈമാറുന്നവരുമുണ്ട്. നാട്ടിൻപുറങ്ങളിലെ ഓണമത്സരങ്ങളിൽ വിജയികൾക്ക് സമ്മാനമായി നൽകാൻ ക്ലബുകാരും സംഘടനകളും ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നുണ്ട്. ഒക്ടോബർ 31 വരെ കാലാവധിയുണ്ട് ഗിഫ്റ്റ്‌ കാർഡുകൾക്ക്. ഓണത്തിരക്ക് തുടങ്ങിയതോടെ ഗിഫ്റ്റ് കാർഡുകളുടെ ആവശ്യക്കാരും കൂടിവരികയാണ്. രണ്ടേമുക്കാൽ കോടി രൂപയോളം ഇതുവഴി സപ്ലൈകോയ്ക്ക് ലഭിച്ചു. ഓണസമ്മാനമായി നൽകുന്ന മൂന്നുതരം കിറ്റുകളും വൻതോതിലാണ് വിറ്റഴിക്കപ്പെടുന്നത്. 1000 രൂപ നൽകിയാൽ 1225 രൂപയുടെ സമൃദ്ധി കിറ്റ്. 500 രൂപ നൽകിയാൽ 625 രൂപയുടെ മിനി സമൃദ്ധി കിറ്റ്. 229 രൂപ നൽകിയാൽ 305 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ്. ആദ്യ രണ്ട് കിറ്റുകൾ മൊത്തമായി വാങ്ങുന്നവർക്ക് സാധനങ്ങൾ ആവശ്യാനുസരണം മാറ്റിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. സമൃദ്ധിക്കിറ്റിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 18 ഇനങ്ങളും മിനി സമൃദ്ധി കിറ്റിൽ 10 സാധനങ്ങളും ശബരി സിഗ്നേച്ചർ കിറ്റിൽ ഒൻപത് സാധനങ്ങളുമാണുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!