ഓണാഘോഷം; വാഴയിലയ്ക്ക് മാർക്കറ്റിൽ വൻ ഡിമാന്റ്, പച്ചക്കറിക്ക് വിലവർധനയില്ല

Share our post

കൊച്ചി: ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് വന്‍ ഡിമാന്‍ഡാണ് മാര്‍ക്കറ്റില്‍. ചെറിയ ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാര്‍ക്കറ്റുവില. എട്ടുരൂപ ചില്ലറക്കച്ചവടക്കാരും ഈടാക്കുന്നുണ്ട്. ഉത്രാടത്തോടെ ചില്ലറ വില്‍പ്പനയില്‍ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന തേന്‍വാഴയിലയാണ് സദ്യ വിളമ്പാന്‍ മലയാളികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്‌കൂള്‍, കോളേജ്, ഓഫീസ് സ്ഥാപനങ്ങള്‍, ഹോട്ടലുകളില്‍ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ഇക്കുറി പച്ചക്കറിക്ക് വന്‍ വിലവര്‍ധനയില്ല

ഇക്കുറി ഓണത്തിന് പച്ചക്കറി വിപണിയില്‍ പേടിച്ചത്ര വിലക്കയറ്റമില്ലെന്നതാണ് ആശ്വാസം. ഓണവും വിവാഹസീസണും ഒന്നിച്ചുവന്നിട്ടും ഇതുവരെ പച്ചക്കറി വില കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഓണത്തോട് അടുക്കുമ്പോള്‍ നേരിയതോതില്‍ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ ഇഞ്ചി, കാരറ്റ്, പച്ചമുളക്, തക്കാളി എന്നിവയ്ക്കാണ് താരതമ്യേന വിലകൂടിയിട്ടുള്ളതെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോ സിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.എച്ച്. ഷമീദ് പറഞ്ഞു. പയര്‍, ബീന്‍സ്, വെണ്ടയ്ക്ക, ഏത്തക്കായ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും. ഓണത്തിന് അധികമായി ഓര്‍ഡര്‍ നല്‍കുന്ന പച്ചക്കറികള്‍ക്ക് ഇടനിലക്കാര്‍ വില ഉയര്‍ത്തുന്ന പതിവുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!