ആനക്കാംപൊയിൽ – കള്ളാടി –മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം

താമരശ്ശേരി: സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെന്‍റ് മേരീസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തറക്കല്ലിടും. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ കോർപറേഷൻ എന്നിവ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിർമിക്കുക. 2134.5 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇതു മാറും. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
രണ്ടു പാക്കേജുകളിലായി പാലവും അപ്രോസ് റോഡും നാലുവരി തുരങ്ക പാതയും നിർമ്മിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും നിർമ്മാണം. ആറുമാസത്തിലൊരിക്കൽ വിദഗ്ധസമിതി നിർമ്മാണം വിലയിരുത്തും. പാത യാഥാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിൽ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട്ടിൽ എത്താം. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.