സപ്ലൈകോയുണ്ടല്ലോ ഓണം കളറാകും

Share our post

കണ്ണൂർ: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡിയിതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എംആർപി വിലയിൽനിന്ന്‌ അഞ്ചു മുതൽ 50 ശതമാനം വിലക്കുറവിലും സപ്ലൈകോ ഓണം ഫെയറിൽ ലഭിക്കും. ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരുലിറ്റർ 339 രൂപക്ക് ലഭിക്കും. ചെറുപയർ, ഉഴുന്ന് എന്നിവ കിലോയ്‌ക്ക്‌ 90 രൂപയ്ക്കും പഞ്ചസാര 34.94 രൂപയ്ക്കും ജയ, കുറുവ, മാവേലി മട്ട അരി 33 രൂപ നിരക്കിലും ഇവിടെ ലഭ്യമാണ്. കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവയ്ക്കും വൻ വിലക്കുറവാണ്‌. ഓണക്കാലത്തെ എട്ട് കിലോ സബിസിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ഇതിനുപുറമെ സെപ്‌തംബർ മാസത്തെ ഉൽപന്നങ്ങൾ മുൻകൂറായും വാങ്ങാം. ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും 10 മുതൽ 50 ശതമാനംവരെ വിലക്കുറവുമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉൽപന്നങ്ങൾക്കാണ് ഓഫർ. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ എന്നിവയ്ക്കും ഓഫറുണ്ട്.​ ഗിഫ്റ്റ് കാർഡുകളും​ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽനിന്ന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. 500 രൂപയുടെ മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ശബരി കുട/ വാട്ടർബോട്ടിൽ എന്നിവ സമ്മാനമായി ലഭിക്കും. സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽനിന്നും ഈ കാലയളവിനുള്ളിൽ 1000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിന കൂപ്പണുകൾക്കൊപ്പം ജില്ലാതല സമ്മാനപദ്ധതി പ്രകാരമുള്ള കൂപ്പണുകളും ലഭിക്കും. മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയോടൊപ്പം ശേഷിക്കുന്ന മൂല്യത്തിന് ഉൽപന്നങ്ങൾ വാങ്ങിയാലും ഈ കൂപ്പൺ നേടാം. ലക്കിഡ്രോയിലൂടെ വിജയികളാകുന്ന ഒരാൾക്ക് ഒരു പവന്റെ സ്വർണ നാണയം, രണ്ടുപേർക്ക് ലാപ്‌ടോപ്, മൂന്നുപേർക്ക് സ്മാർട്ട് ടി വി തുടങ്ങിയ സമ്മാനങ്ങളും സപ്ലൈകോ നൽകുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് വിൽപന. സപ്ലൈകോ ഓണം ഫെയർ സെപ്റ്റംബർ നാലിന് അവസാനിക്കും. ​സഞ്ചരിക്കുന്ന 
ഓണം ഫെയർ​ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലൂടെയും ഓണം ഫെയർ മൊബൈൽ വാഹനം ഓടും. സെപ്‌തംബർ നാലുവരെ രാവിലെ 10 മുതൽ ഓരോ മണ്ഡലത്തിലെയും വിവിധ പ്രദേശങ്ങളിൽ വിൽപന നടത്തും. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും സബ്‌സിഡിയിലും അല്ലാതെയും ഈ വാഹനത്തിൽനിന്ന്‌ ലഭിക്കും.​ കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്‌ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ ആദ്യവിൽപ്പന നടത്തി. കണ്ണൂർ സ്വദേശി മുകുന്ദൻ സപ്ലൈകോ കിറ്റ് ഏറ്റുവാങ്ങി. സപ്ലൈകോ കണ്ണൂർ ഡിപ്പോ മാനേജർ എം കെ ദ്വിജ, കോഴിക്കോട് അസി. മേഖലാ മാനേജർ ടി സി അനൂപ്, ഇ കെ പ്രകാശൻ, എം സുനിൽ കുമാർ, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സമൃദ്ധി കിറ്റും 
ശബരി സിഗ്നേച്ചർ കിറ്റും ​

സപ്ലൈകോയുടെ കിറ്റുകളും വിപണിയിലുണ്ട്. ജീവനക്കാർക്ക് ഓണസമ്മാനങ്ങൾ നൽകാനായി സ്വകാര്യ സ്ഥാപനങ്ങൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ സംവിധാനം ഉപയോഗപ്പെടുത്താം. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും ക്ലബ്ബുകളും ഈ പദ്ധതിയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒമ്പത് ശബരി ഉൽപന്നങ്ങളടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് നൽകുന്നത്. സമൃദ്ധി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കരപ്പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങ അച്ചാർ, കടല എന്നിവയും സമൃദ്ധി മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർപ്പൊടി, ശർക്കരപ്പൊടി എന്നിവയുമാണ് ഉൾക്കൊള്ളുന്നത്. ശബരി സിഗ്‌നേച്ചർ കിറ്റിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപ്പൊടി, രസം പൊടി, ഉലുവ, കടുക്, പായസം മിക്സ്, പുട്ടുപൊടി എന്നിവയുമാണുള്ളത്.​


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!