രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​കേസെടുത്ത് ക്രൈംബ്രാഞ്ച്

Share our post

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈബ്രാഞ്ച്. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ്​ കേസ്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെതിരെ പുറത്തുവന്ന വോയ്സ് ക്ലിപ്പുകളും ചാറ്റുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. നിലവിൽ പൊതുപ്രവർത്തകർ ഉൾപ്പടെ ഡി.ജി.പിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.നേരത്തെ പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചില്ലെന്നാണ് എം.എൽ.എ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കോൺഗ്രസ് പറഞ്ഞ വാദം. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയത്.

നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അതിനാൽ പെട്ടെന്ന് അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.യുവതികളുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്​പെൻഡ് ചെയ്യുകയും ചെയ്തു. പരാതിയോ എഫ്.ഐ.ആറോ ഇല്ലാത്ത സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. രാഹുൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് പോയാൽ സീറ്റ് നിലനിർത്താൻ സാധിക്കുമോ എന്ന പേടിയും കോൺ​ഗ്രസിനുണ്ട്. വിവാദങ്ങൾക്കിടെ അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!