ഇതാണോ ഫ്ലോട്ടിങ് ബ്രിഡ്ജ്?

Share our post

പാപ്പിനിശ്ശേരി : വളപട്ടണം പുഴയും തീരങ്ങളും ചെറിയ ദ്വീപുകളും ചുറ്റിപ്പറ്റി വിനോദസഞ്ചാര കുതിപ്പിന് ലക്ഷ്യമാക്കി ഉയർത്തിയ പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യക്കൂമ്പാരമായി മാറി. കാലവർഷം തുടങ്ങിയപ്പോൾ വളപട്ടണം പുഴയുടെ കൈവഴികളിൽനിന്നെല്ലാം ഒഴുകിയെത്തിയ സകലമാലിന്യവും ഇതിന് സമീപത്ത് മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. സ്ഥലത്തെത്തിയാൽ പാലം മാലിന്യം തള്ളുന്ന കേന്ദ്രമാണെന്ന് തോന്നിപ്പോകുന്ന പരിതാപകരമായ അവസ്ഥയിലാണിന്ന്. മേയ് അവസാനം കനത്ത മഴ തുടങ്ങിയതുമുതൽ ഫ്ളോട്ടിങ് ബ്രിഡ്ജിനരികെ മാലിന്യം അടിയാൻ തുടങ്ങിയിരുന്നു. ജൂൺ പകുതി പിന്നിട്ടപ്പോൾ പാലത്തിന് സമീപം മാലിന്യക്കൂമ്പാരമായി. മാലിന്യം അഴുകി പായലുകൾ വളരുന്ന സ്ഥിതിയാണ്.

ഇത് നിരന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കനത്ത മഴയിൽ മലയോര മേഖലകളിൽ നിന്നടക്കം ഒഴുകിയെത്തിയ പ്ലാസ്റ്റിക്, അജൈവ-ജൈവ മാലിന്യമടക്കമാണ് പാറക്കലിലെ ചുറ്റും അടിഞ്ഞുകൂടിയത്. ഇത് പ്രദേശവാസികൾക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നാശങ്കയും ഉയർന്നിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് വിനോദസഞ്ചാരസാധ്യതകൾ ഉയർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് പാറക്കലിൽ എത്തിച്ചത്. ആദ്യം വളപട്ടണം ബോട്ട് ജെട്ടിക്ക് സ്ഥാപിച്ചതാണിത്മൂന്നുവർഷം മുൻപ് വളപട്ടണത്തും ഇതേ രീതിയിലുള്ള പാലത്തിൽ മാലിന്യം അടിഞ്ഞ് കൂടിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്നാണ് അവ പാപ്പിനിശ്ശേരി പാറക്കലിൽ എത്തിച്ചത്. ആരും തിരിഞ്ഞ് നോക്കുന്നില്ല കഴിഞ്ഞ വർഷവും പാറക്കലിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജിന് ചുറ്റും മാലിന്യം മൂടിയിരുന്നു.

വലിയ ആക്ഷേപം ഉയർന്നതോടെ വിനോദസഞ്ചാരവകുപ്പ് ഇവ മാറ്റി നാട്ടുകാരുടെ പ്രതിഷേധം തണുപ്പിച്ചിരുന്നു. എന്നാൽ ഇക്കുറി മാലിന്യം മൂന്ന് മാസത്തിലധികമായി കെട്ടിക്കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല.

കോടികൾ ചെലവിട്ടത് ഉപ്പ് കാറ്റേറ്റ് നശിക്കാനാണോ ?

കേന്ദ്ര സർക്കാർ സഹായധനത്തോടെ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കീഴിൽ 1.90 കോടിയോളം ചെലവിട്ടാണ് പാറക്കലിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കല്ലിനെ വിനോദസഞ്ചാര ഹബാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് പുത്തൻ സംവിധാനങ്ങൾ ഒരുക്കിയത്. ഇതിനോട് ചേർന്ന് പാർക്കും ഹട്ടുകളും ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു.

പാലത്തിന്റെ മേൽക്കൂരയടക്കം ഉപ്പ് കാറ്റേറ്റ് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. പറശ്ശിനിക്കടവ് വിനോദസഞ്ചാര സർക്യൂട്ട് അടക്കം കൂട്ടിച്ചേർത്ത് പദ്ധതികൾ തയ്യാറാക്കണം.

വളപട്ടണം പുഴയിലെ കൊച്ചുദ്വീപുകളെ കൂട്ടിയിണക്കി അനുബന്ധ വിനോദസഞ്ചാരശൃംഖലയോട് യോജിപ്പിച്ചാൽ മാത്രമേ പറാക്കൽ എന്ന പ്രദേശത്തിന്റെ വിനോദസഞ്ചാര വികസനം സാധ്യമാകൂ. ദീർഘവീക്ഷണമില്ലാതെ കോടികൾ മുടക്കുന്ന പദ്ധതികളെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ മനസ്സ് വെക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!