മിന്നൽ പ്രളയം; വൈഷ്‌ണോ ദേവി ക്ഷേത്രപാതയിൽ ഉരുൾപൊട്ടൽ; അഞ്ചു മരണം

Share our post

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നതിനിടെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. ‘അധക്‌വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം ഒരു ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്ക് പരിക്കേറ്റതായി സംശയിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.’ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. മലമുകളിലെ ക്ഷേത്രത്തിലേക്ക് 12 കിലോ മീറ്ററാണ് ഉള്ളത്. പാതയുടെ പകുതി എത്തുമ്പോഴുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. ഇതോടെ ക്ഷേത്രത്തിലേക്കും ഈ വഴിയിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കനത്ത മഴയെത്തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ഹിംകോട്ടി പാത വഴിയുള്ള യാത്ര അധികൃതര്‍ രാവിലെ തന്നെ നിര്‍ത്തിവെച്ചിരുന്നു. പക്ഷേ, പഴയ പാതയിലൂടെയുള്ള യാത്ര ഉച്ചയ്ക്ക് ഒന്നരവരെ തുടര്‍ന്നിരുന്നു.

എന്നാല്‍, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്, ഈ വഴിയുള്ള യാത്രയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മു മേഖലയില്‍ അതിശക്തമായ മണ്‍സൂണ്‍ മഴ തുടരുകയാണ്. ഇത് നദികള്‍ കരകവിഞ്ഞൊഴുകുന്നതിനും അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്കും, താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ജനജീവിതം സ്തംഭിക്കുന്നതിനും കാരണമായിട്ടുണ്ട്. റാംബന്‍ ജില്ലയിലെ ചന്ദര്‍കോട്ട്, കേല മോര്‍, ബാറ്ററി ചെഷ്മ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 250 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവെച്ചു. ഉധംപുരിലും ഖാസിഗുണ്ടിലും വാഹന ഗതാഗതം സ്തംഭിച്ചു. മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കിഷ്ത്വാറിലെ പാഡര്‍ റോഡ്, രാംനഗര്‍-ഉധംപൂര്‍, ജംഗല്‍വാര്‍-താത്രി പാതകള്‍ ഉള്‍പ്പെടെ മറ്റ് നിരവധി റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. കത്വയില്‍ സഹര്‍ ഖാദ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നദിക്ക് കുറുകെയുള്ള പാലത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇത് ജമ്മു-പത്താന്‍കോട്ട് ഹൈവേയിലെ ഗതാഗതം തടസ്സപ്പെടുത്തി. നേരത്തെ, ഓഗസ്റ്റ് 17-ന് കത്വ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് വലിയ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഓഗസ്റ്റ് 14-ന് കിഷ്ത്വാറില്‍ ഉണ്ടായ മറ്റൊരു മേഘവിസ്‌ഫോടനം മിന്നല്‍ പ്രളയത്തിന് കാരണമാവുകയും 55 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!