കേരളത്തിലെ രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ അംഗീകാരം

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി 89.08 ശതമാനത്തോടെ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻക്യുഎഎസ്) അംഗീകാരവും, കോട്ടയം വൈക്കം താലൂക്ക് ആശുപത്രി 90.38 ശതമാനത്തോടെ എൻക്യുഎഎസ് അംഗീകാരവും ലക്ഷ്യ അംഗീകാരവും ലഭിച്ചു (ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയറ്റർ 92 ശതമാനം, ലേബർ റൂം 89 ശതമാനം). ഇതോടെ സംസ്ഥാനത്തെ ആകെ 255 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലാ ആശുപത്രികൾ, എട്ട് താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 163 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നിലവിൽ എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ മികച്ച പരിചരണം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷൻ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 16 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. മൂന്ന് മെഡിക്കൽ കോളേജുകൾ, ഒമ്പതു ജില്ലാ ആശുപത്രികൾ, 4 താലൂക്കാശുപത്രികൾ എന്നിവയാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആശുപത്രികൾ. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ/ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് രണ്ടു ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!