മട്ടന്നൂരിൽ വരുന്നു, സ്‌പോർട്‌സ് കോംപ്ലക്‌സ്

കണ്ണൂർ: മട്ടന്നൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്‌പോർട്‌സ് കോംപ്ലക്‌സ് വരുന്നു. 23 കോടി രൂപയുടെ ഡിപിആറിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മട്ടന്നൂർ നഗരസഭയിൽ അയ്യല്ലൂർ റോഡിൽ കനാലിന് സമീപം ഇറിഗേഷൻ വകുപ്പിൽനിന്ന് വിട്ടുകിട്ടിയ 3.90 ഏക്കർ സ്ഥലത്താണ് കോംപ്ലക്‌സ് നിർമിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയവും പ്ലയേഴ്‌സ് റൂമും അനുബന്ധ സൗകര്യങ്ങളുമാണുള്ളത്. ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഫിറ്റ്‌നസ് സെന്റർ, 2600 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം എന്നിവയും ഒന്നാംഘട്ടത്തിൽ നിർമിക്കും. രണ്ടാംഘട്ടത്തിൽ സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള അക്വാട്ടിക് കോംപ്ലക്‌സ് നിർമിക്കും. കായികമേഖലയിൽ തൽപരരായ നിരവധി പേർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലന കേന്ദ്രങ്ങളോ കളിസ്ഥലങ്ങളോ പ്രദേശത്ത് ലഭ്യമല്ല. മട്ടന്നൂർ മണ്ഡലത്തിൽ കെ കെ ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായിക മേഖലയിൽ കൂടുതൽ വിദ്യാർഥികളെ കാര്യക്ഷമമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്ഥലങ്ങളും കോച്ചിങ് സെന്ററുകളും ആരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കായിക മേഖലയിലെ പ്രഗൽഭ വ്യക്തികളെ ഉൾപ്പെടുത്തി പരിശീലനം സംഘടിപ്പിക്കാൻ സ്‌പോർട്‌സ് കോംപ്ലക്‌സ് യാഥാർഥ്യമാകുന്നതോടെ സാധിക്കും. മട്ടന്നൂരിൽ സ്‌പോർട്സ് കോംപ്ലക്‌സിന് അനുമതിയായതോടെ കായികമേഖലയുടെ സമഗ്ര കുതിപ്പിനാണ് നാട് തയ്യാറെടുക്കുന്നത്.