വരൂ കുട്ടികളേ…നിങ്ങൾക്കുള്ളതാണ്‌ ശാസ്‌ത്രപഥം

Share our post

കണ്ണൂർ: ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘ശാസ്‌ത്രപഥ’ത്തിൽ ജില്ലയുടെ രജിസ്‌ട്രേഷൻ പതിനൊന്നായിരം കടന്നു. രജിസ്ട്രേഷനിലും ആശയ സമർപ്പണത്തിലും മുന്നേറ്റം തുടരുകയാണ് കണ്ണൂർ. മുന്നൂറിലധികം ടീമുകളാണ്‌ ഇതിനകം ആശയങ്ങൾ സമർപ്പിച്ചത്‌. പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ കേരളയുമാണ്‌ യങ് ഇന്നവേറ്റീവ്‌ പ്രോഗ്രാം –ശാസ്‌ത്രപഥം സംഘടിപ്പിക്കുന്നത്‌. കെ ഡിസ്‌കാണ് സാങ്കേതിക സഹായം. രണ്ടോ മൂന്നോ വിദ്യാർഥികൾ ചേർന്നുള്ള ടീമുകളായാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുട്ടികളുടെ പുതുമയുള്ളതും പ്രായോഗികവുമായ ആശയങ്ങളാണ്‌ പരിഗണിക്കുക. സെപ്തംബർ 14 ന്‌ ഇ‍ൗ വർഷത്തെ രജിസ്ട്രേഷൻ അവസാനിക്കും. രജിസ്ട്രേഷനുശേഷം ആശയ സമർപ്പണവും പ്രാഥമികമൂല്യനിർണയവുമാണ്‌. ബ്ലോക്ക്, ജില്ലാതല പരിശീലനത്തിനുശേഷം സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനുമുമ്പ്‌ വിഷയാധിഷ്ഠിതമായി വിദഗ്‌ധരുടെ സേവനം ഓരോ ടീമിനും ലഭിക്കും. ​വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് വളർന്നുവരുന്ന കുട്ടികളിലൂടെ വഴിയൊരുക്കുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഭാവിയിൽ മികച്ച സംരംഭകരായി മാറാനുള്ള അവസരങ്ങളും പദ്ധതി മുന്നോട്ടുവയ്ക്കുന്നു. സംഘം ചേർന്നുള്ള ചർച്ചകളും മറ്റും തുടർ പഠനങ്ങൾക്കും സഹായകമാകുന്ന തരത്തിലാണ്‌ ആസൂത്രണം. ജില്ലാതല വിജയികൾക്ക് കാൽ ലക്ഷം രൂപയും സംസ്ഥാനതല വിജയികൾക്ക് അരലക്ഷം രൂപയും ക്യാഷ് പ്രൈസുണ്ട്. ഈ വർഷംമുതൽ സംസ്ഥാനതല വിജയികൾക്ക് 10 സ്കോർ ഗ്രേസ് മാർക്കുമുണ്ട്‌. കഴിഞ്ഞ വർഷം ജില്ലയിലെ കുട്ടികൾക്ക് പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ്‌ സമ്മാനമായി ലഭിച്ചത്‌. ഇ‍ൗ പ്രകടനം കുട്ടികളിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്ന് ശാസ്‌ത്രപഥം ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ വി ദീപേഷ് പറഞ്ഞു. കെ ഡിസ്‌ക്‌ ജില്ലാ കോ –ഓഡിനേറ്റർ സി എം ആതിരയാണ് സാങ്കേതിക സഹായം ഉൾപ്പെടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!