റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

Share our post

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക് കിലോയ്ക്ക് 230 രൂപയാണ് ഇപ്പോൾ വില. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി അരിയുടെ വിലയുയരുന്നുണ്ട്. മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഇപ്പോൾ ഇരട്ടിവിലയായത്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോൺ, വില്ലേജ് ബ്രാൻഡുകൾക്ക് ഇപ്പോൾ 215 രൂപയാണ് വില. 110 രൂപയുണ്ടായിരുന്ന ട്രിപ്പിൾ മാൻ ബ്രാൻഡിന് വില 225 രൂപയായി ഉയർന്നു. കെടിഎസ് ബ്രാൻഡിന്റെ വില കിലോയ്ക്ക് 110-ൽ നിന്ന് 220 രൂപയായും ഉയർന്നിട്ടുണ്ട്. അനിയന്ത്രിതമായ വിലവർധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത് പശ്ചിമബംഗാളിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യഥാർഥ രുചിയും ഗുണമേന്മയും ലഭിക്കുന്നത് വിളവെടുത്ത അരി രണ്ടുവർഷം സൂക്ഷിച്ചുവെച്ചശേഷം ഉപയോഗിക്കുമ്പോഴാണ്. എന്നാൽ ഇത്തരത്തിൽ കരുതിവെച്ച അരി വൻതോതിൽ കയറ്റുമതി ചെയ്യപ്പെട്ടതും വിലവർധനയ്ക്ക് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!