വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ചേളാരിയിൽ 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുൻ കരുതലിന്റെ ഭാഗമായി ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി.