നെതര്‍ലാന്റ് വിസ തട്ടിപ്പ്; രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോട്ടും കേസുകള്‍

Share our post

ആലക്കോട്: നെതര്‍ലാന്റ് വിസ തട്ടിപ്പുകാരന്‍ ആലപ്പുഴ കന്നനാകുഴി ലക്ഷ്മിസദനത്തില്‍ രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോട്ടും കേസുകള്‍. ആംസ്റ്റര്‍ഡാമില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് രണ്ടു പേരില്‍ നിന്നായി ഓരോ ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 2023 ഏപ്രിലില്‍ കൂടപ്രം ചിറ്റടിയിലെ വാവോലിക്കല്‍ വീട്ടില്‍ അനന്തുചന്ദ്രന്‍ (29) തേര്‍ത്തല്ലി കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ട് മുഖേന ഒരു ലക്ഷം രൂപ അയച്ചുകൊടുത്തുവെങ്കിലും ഇത്രയും കാലമായിട്ടും പണമോ വിസയോ നല്‍കിയെല്ലന്നാണ് പരാതി. മറ്റൊരു സംഭവത്തില്‍ വെള്ളാട് കണിയാഞ്ചാലിലെ കാവുംപുറം വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് 2024 ജനുവരി മുതല്‍ ഭാര്യയുടെ കരുവഞ്ചാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ അയച്ചു നല്‍കിയെങ്കിലും വിസയോ പണമോ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി. തളിപ്പറമ്പ് പോലീസിലും പയ്യന്നൂര്‍ പോലീസിലും രാജേന്ദ്രന്‍ പിള്ളക്കെതിരെ കഴിഞ്ഞദിവസം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെതര്‍ലാന്റ് ജോലി വിസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശി തെക്കാട്ട് വീട്ടില്‍ ടി.സി.സിബി 3 ലക്ഷം രൂപ രാജേന്ദ്രന്‍ പിള്ളയുടെ അക്കൗണ്ടിലേക്കും അയാള്‍ നിര്‍ദ്ദേശിച്ച മറ്റ് രണ്ട് അക്കൗണ്ടുകളിലേക്കും ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയച്ചുകൊടുക്കുകയായിരുന്നു. പയ്യന്നൂരിലും സമാനമായ രീതിയില്‍ രണ്ടുപേരില്‍ നിന്നായി ഓരോ ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരു വഞ്ചനകേസില്‍ അറസ്റ്റിലായ രാജേന്ദ്രന്‍പിള്ള ഇപ്പോള്‍ മാനന്തവാടിയില്‍ ജയിലിലാണെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!