ഇത് ഞങ്ങളുടെ ഏരിയ! കണ്ണൂർ നഗരം കൈയടക്കി തെരുവുനായ്ക്കൾ

കണ്ണൂർ: പുറത്തിറങ്ങിയാൽ തെരുവുനായ് കടിക്കുമെന്ന അവസ്ഥയാണ്. മുന്നിലും പിന്നിലും കണ്ണുണ്ടായാൽ മാത്രമേ കണ്ണൂർ നഗരത്തിലൂടെ സഞ്ചരിക്കാനാവൂ. തെരുവുനായ്ക്കൾ കൂട്ടമായി വിഹരിക്കുന്നതിനാൽ ആളുകൾ പേടിച്ചാണ് പുറത്തിറങ്ങുന്നത്. ദിനേന ആളുകൾക്ക് കടിയുമേൽക്കുന്നുണ്ട്. പയ്യാമ്പലത്ത് നായുടെ കടിയേറ്റ് പേവിഷബാധയേറ്റ് കുഞ്ഞ് കഴിഞ്ഞമാസം മരിച്ചിരുന്നു.കണ്ണൂർസിറ്റി, പയ്യാമ്പലം, ബർണശ്ശേരി, കാൾടെക്സ്, താണ, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ ഇടങ്ങളെല്ലാം തെരുവുനായ്ക്കൾ കൈയടക്കി. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ടുപേരെ നായ് കടിച്ചിരുന്നു. രണ്ടുമാസം മുമ്പ് റെയിൽവേ സ്റ്റേഷനിൽനിന്നടക്കം ഒരുദിവസം തന്നെ എഴുപതോളം പേരെ നായ് കടിച്ച സംഭവവുമുണ്ടായിരുന്നു.കാൾടെക്സിലെ മൂന്നുനില കെട്ടിടത്തിൽ കയറിയ തെരുവുനായ് വിദ്യാർഥികളെ ഓടിച്ചത് കഴിഞ്ഞദിവസമാണ്. സ്കൂൾ, മദ്റസ വിദ്യാർഥികളെ പുറത്തയക്കാൻപോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്. വാഹനങ്ങൾക്ക് പിന്നാലെ തെരുവുനായ് ഓടിയുണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. കോർപറേഷൻ മാളികപറമ്പിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ സ്ഥാപിച്ചെങ്കിലും കാര്യക്ഷമമായില്ല. തെരുവുനായ് വിഷയത്തിൽ കോർപറേഷനും ജില്ല പഞ്ചായത്തും പരസ്പരം പഴിചാരുകയാണെന്ന ആക്ഷേപം ശക്തമാണ്.