സംവിധായകൻ നിസാർ അന്തരിച്ചു

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും മലയാള സിനിമയിലെ സജീവ സംവിധായകനുമായ നിസാർ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 1994ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് നിസാർ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം അദ്ദേഹം സംവിധാനം ചെയ്ത ത്രീ മെൻ ആർമി വൻ വിജയമായിരുന്നു. തുടർന്ന് അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്, മേരാം നാം ജോക്കർ, ആറ് വിരലുകൾ തുടങ്ങി ഏകദേശം ഇരുപത്തിനാലോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്ത ചിത്രങ്ങളിലൂടെ 90-കളിലും 2000-ത്തിന്റെ തുടക്കത്തിലും നിസാർ ശ്രദ്ധേയനായ സംവിധായകനായിരുന്നു.
ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബറില്‍ നടക്കും.