ഡെങ്കിപ്പനി: ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ മഴയ്ക്കൊപ്പം പലതരം പകർച്ചാവ്യാധികളും പിന്നാലെയെത്തുന്നു. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്. ഇത് കൊതുക് മുട്ടയിട്ട് പെരുകാനും ഡെങ്കു, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടരാനും കാരണമാകുന്നു. മഴക്കാലത്ത് ഉടനീളം വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നതും അലർജി ഉണ്ടാവാനും മറ്റു പല രോഗങ്ങൾക്കും വഴിവയ്ക്കുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.
തലവേദന
കഠിനമായ തലവേദന, കണ്ണുവേദന തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
സന്ധി, പേശി വേദന
ഡെങ്കിപ്പനി ഉള്ളവർക്ക് സന്ധി, പേശി വേദന ഉണ്ടാകുന്നു. ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഈ വേദന കാഠിന്യമേറിയതാണ്. അതിനാൽ തന്നെ ഉടൻ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കാം.
തലകറക്കവും ഛർദിയും
തലകറക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളും ഡെങ്കിപ്പനിയുടേതാണ്. ഇത് നിർജ്ജലീകരണം ഉണ്ടാവാനും ശരീരത്തെ അവശ നിലയിലാക്കാനും കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മേൽ പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിൽസിക്കാൻ ശ്രമിക്കരുത്. ഉടൻ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം.
2. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകുന്നു.
3. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വേണ്ട സമയമാണ് മഴക്കാലം. നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
4. കരിക്ക് വെള്ളം, ഔഷധ ചായ, ഫ്രഷ് ജ്യൂസ് എന്നിവ കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിർജ്ജലീകരണത്തെ തടയുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5. ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ഡെങ്കിപ്പനി പടരാറില്ല. കൊതുക് കടിയിലൂടെ മാത്രമേ ഡെങ്കു പകരുകയുള്ളൂ.