ബസ് കണ്ടക്ടർക്ക് മർദനം: ഒരാൾകൂടി അറസ്റ്റിൽ

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. വേളം ചേരപ്പുറം കുഞ്ഞിപറമ്പിൽ സ്വേതിനെ (34)യാണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ സംഭവത്തിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. നേരത്തെ വാണിമേൽ സ്വദേശി കുഞ്ഞിപറമ്പത്ത് സൂരജ് (31), നടുവണ്ണൂരിലെ താഴെപാറയുള്ള പറമ്പത്ത് കെ.സി. വിനീഷ് (41), നരിപ്പറ്റയിലെ കുഞ്ഞിപൊയിൽ സിജേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇനി പ്രധാന പ്രതികളായ പെരിങ്ങത്തൂർ സ്വദേശി സവാദ് (29), ഇരിങ്ങണ്ണൂർ സ്വദേശി വിശ്വജിത്ത് (31) എന്നിവരടക്കം നാലുപേരെ കൂടി പിടികിട്ടാനുണ്ട്. എട്ടുപേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് ചൊക്ലി പൊലീസ് കേസെടുത്തത്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാല് ദിവസം തലശ്ശേരി, പാനൂർ മേഖലയിലെ ബസുകൾ സമരം നടത്തിയിരുന്നു.കഴിഞ്ഞ 28നാണ് തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കുതിരടത്ത് വിഷ്ണുവിന് മർദനമേറ്റത്. പ്രധാന പ്രതികളായ പെരിങ്ങത്തൂർ സ്വദേശി സവാദ് (29), ഇരിങ്ങണ്ണൂർ സ്വദേശി വിശ്വജിത്ത് (31) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി 19ന് വിധി പറയും.