ഓണം സ്പെഷ്യല്‍ ട്രെയിനുകൾക്ക് ചെറുവത്തൂരിലും മഞ്ചേശ്വരത്തും അധിക സ്റ്റോപ്പ്

Share our post

ചെറുവത്തൂർ: ഓണക്കാലത്ത് യാത്രക്കാരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത്, രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് മഞ്ചേശ്വരം, ചെറുവത്തൂർ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ നമ്പർ 06041/06042-നാണ് ഈ പുതിയ സ്റ്റോപ്പുകള്‍. പാലക്കാട് റെയില്‍വേ ഡിവിഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ഓഗസ്റ്റ് 21-ന് പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ വ്യക്തമാക്കി.

പുതിയ സമയക്രമം

ട്രെയ്ൻ നമ്പർ 06041 മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ എല്ലാ വ്യാഴാഴ്ചകളിലും, ശനിയാഴ്ചകളിലും രാത്രി 7:30-ന് മംഗളൂരു ജംഗ്ഷനില്‍നിന്ന് യാത്ര പുറപ്പെടും. ഈ ട്രെയ്ൻ രാത്രി 7:52-ന് മഞ്ചേശ്വരത്ത് എത്തിച്ചേർന്ന്, ഒരു മിനിറ്റ് നിർത്തിയ ശേഷം 7:53-ന് യാത്ര തുടരും. തുടർന്ന് ചെറുവത്തൂർ സ്റ്റേഷനില്‍ രാത്രി 8:54-ന് എത്തി, 8:55-ന് പുറപ്പെടും. മറുവശത്ത്, ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമായി രാവിലെ 6:30-ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.

ഈ ട്രെയിൻ തിരുവനന്തപുരം നോർത്തില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമായി വൈകുന്നേരം 5:15-നാണ് പുറപ്പെടുക. ഈ ട്രെയിൻ ചെറുവത്തൂരില്‍ പുലർച്ചെ 4:31-ന് എത്തി, 4:32-ന് പുറപ്പെടും. മഞ്ചേശ്വരത്ത് രാവിലെ 5:31-ന് എത്തി 5:32-ന് യാത്ര തുടരും. ഈ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചെങ്കിലും തിരുർ മുതല്‍ തിരുവനന്തപുരം നോർത്ത് വരെയുള്ളതും, തിരുവനന്തപുരം നോർത്ത് മുതല്‍ കണ്ണൂർ വരെയുള്ളതുമായ സ്റ്റേഷനുകളിലെ സമയക്രമത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഓണത്തിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് പുതിയ സ്റ്റോപ്പുകള്‍ ഏറെ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!