കുവൈത്ത് വിഷ മദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികൾ അറസ്റ്റിൽ

Share our post

കുവൈത്ത് സിറ്റി: കുവൈത്തിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏഷ്യക്കാരായ പ്രവാസികൾ ആണ് ഇവർ. ജിലീബ് അൽ ശുയൂഖ്  ബ്ലോക്ക് 4 ൽ പ്രവർത്തിക്കുന്ന മദ്യ നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായവർ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. ഇതിനു പുറമെ ഈ നിർമ്മാണ കേന്ദ്രത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യം വിതരണം ചെയ്തവരുടെ  വിവരങ്ങളും അന്വേഷണ സംഘം  ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ്  മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. 13 പേരാണ് ദുരതത്തിൽ മരണമടഞ്ഞത്. 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയുമാണ്. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!