കണ്ണൂരിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യമൊഴുക്കി മീനുകൾ ചത്തുപൊങ്ങി

കണ്ണൂർ: ഇടച്ചേരി, തുളിച്ചേരി ഭാഗങ്ങളിലൂടെ ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി. ഇതേത്തുടർന്ന് തോട്ടിലെ മീനുകൾ ചത്തു പൊങ്ങി. കക്കാട് റോഡിനോട് ചേർന്നുള്ള ചേനോളിലൈനിൽ നിന്ന് ആരംഭിക്കുന്ന ഓടകൾ വന്നുചേരുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്തെ കിണറുകളിൽ കക്കൂസ് മാലിന്യം കലർന്ന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം കനക്കുകയാണ്. സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎൽഎ, ഡിവിഷൻ കൗൺസിലർ സി സുനിഷ, ഹെൽത്ത് ഇൻസ്പെക്ടർ സജില എന്നിവർ സ്ഥലത്തെത്തി പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടുത്തദിവസം കോർപറേഷനുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർക്കുമെന്ന് കെ വി സുമേഷ് എംഎൽഎ ഉറപ്പുനൽകി.