മുദ്ര പദ്ധതി: മറ്റ് വിദ്യാലയങ്ങൾക്ക് വഴികാട്ടിയാകും– മന്ത്രി വി ശിവൻകുട്ടി

മുണ്ടേരി: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമഗ്രവികസനത്തിനായി നടപ്പാക്കിയ ‘മുദ്ര’ പദ്ധതി കേരളത്തിലെ മറ്റ് വിദ്യാലയങ്ങൾക്കും വഴികാട്ടിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ടിൽനിന്ന് 3. 30 കോടി ഉപയോഗിച്ച് നിർമിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2017ൽ കെ കെ രാഗേഷ് എംപിയായിരുന്നപ്പോഴാണ് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും സമീപത്തെ 14 വിദ്യാലയങ്ങളും ചേർത്ത് ‘മുദ്ര’ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയത് . 50 കോടിയിലധികം രൂപയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ കെ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മുദ്ര ജനറൽ കൺവീനർ പി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, എ പങ്കജാക്ഷൻ, പി അഷ്‌റഫ്, ഡി ഷൈനി, ഇ സി വിനോദ്, കെ സി സുധീർ, എം മനോജ് കുമാർ, പി കെ റംലത്ത് ബീവി, സി പി അഷ്‌റഫ്, പി സി ആസിഫ് എന്നിവർ സംസാരിച്ചു.