ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികൾ നിർത്തലാക്കിയതായി കേന്ദ്രം

Share our post

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികൾ നിർത്തലാക്കിയതായി കേന്ദ്രം. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്‌കോളര്‍ഷിപ്പ് പദ്ധതികൾ 2021–22 സാമ്പത്തിക വർഷത്തിന് ശേഷം തുടരാനുള്ള അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസപരമായ പുരോഗതിക്കായി നടപ്പാക്കിയിരുന്ന സ്കോളർഷിപ്പുകളാണ് ഇവ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ലക്ഷക്കണക്കിന് ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ചുള്ള ഇത്തരം സ്‌കോളര്‍ഷിപ്പുകൾ തുടരേണ്ട എന്ന തീരുമാനം കൈകൊണ്ടത് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീ‍ഴ്ചയാണെന്ന് എം പി ചൂണ്ടിക്കാട്ടി. പദ്ധതികള്‍ നിർത്തലാക്കിയതിന് ശേഷം പ‍ഴയ പദ്ധതികളുടെ ബജറ്റ് വിനിയോഗത്തില്‍ സംഭവിച്ച ഇടിവും ആശങ്ക ഉള്ളവാക്കുന്നതാണ്. 2024–25ല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് 90 കോടി രൂപ അനുവദിച്ചിട്ടും വെറും 1.55 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് 343.91 കോടി രൂപ അനുവദിച്ചിട്ടും 5.31 കോടി രൂപ മാത്രമാണ് ചെലവായത്. മെറിറ്റ്-കം-മീൻസ് സ്‌കോളര്‍ഷിപ്പിന് 19.41 കോടി രൂപ അനുവദിച്ചിട്ടും വിനിയോഗിച്ചത് വെറും 3.50 കോടി രൂപ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF), പഠോ പരദേശ് പദ്ധതി, മദ്രസകൾക്കും ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതി (SPEMM) എന്നീ മറ്റ് പ്രധാന പദ്ധതികളും 2022–23 മുതൽ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾ വിദ്യാഭ്യാസപരമായ നേട്ടങ്ങൾക്ക് ആശ്രയിച്ചിരുന്ന പദ്ധതികളെയാണ് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!