മെട്രോ സ്‌റ്റേഷന് മുന്നിൽ ഒരാള്‍ക്ക് കുത്തേറ്റു; നേപ്പാള്‍, കണ്ണൂർ സ്വദേശികള്‍ പിടിയിൽ

കൊച്ചി: കലൂരിലെ മെട്രോ സ്‌റ്റേഷന് മുന്നില്‍ തൃശ്ശൂര്‍ സ്വദേശിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നേപ്പാള്‍ സ്വദേശി ശ്യാം, കണ്ണൂര്‍ സ്വദേശി റോബിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ ഷറഫുദ്ദീനെ(49) കുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മെട്രോ സ്‌റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങുകയായിരുന്നു ഷറഫുദ്ദീന്‍. ഇതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. പരിക്കേറ്റ ഷറഫുദ്ദീന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.