ഓൺലൈൻ മദ്യമില്ല, ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണ

Share our post

തിരുവനന്തപുരം: മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അം​ഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല. 23 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക എന്നാണ് ശുപാര്‍ശയിൽ പറഞ്ഞിരുന്നത്. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. മദ്യവിൽപ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കിയത്. വിദേശ നിര്‍മിത ബിയര്‍ വിൽപ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!