കേരളത്തിലെ ദേശീയപാത 66 ലെ രാത്രികൾ പകലാകും;64,500 ലൈറ്റുകൾ പ്രകാശിക്കും

കണ്ണൂര്‍: കേരളത്തിലെ 645 കിലോമീറ്റര്‍ ദേശീയപാത-66 ലെ രാത്രിയെ പകലാക്കാന്‍ 64500 എല്‍ഇഡി വിളക്കുകള്‍ പ്രകാശം ചൊരിയും. 40 ലക്‌സ് പ്രകാശതീവ്രതയുള്ള ബള്‍ബുകളാണ് വെളിച്ചം നല്‍കുക. ഓരോ 38-42 മീറ്റര്‍ ഇടവിട്ട് തൂണുകളുണ്ടാകും. ഇതില്‍ 180-250 വാട്സ് ബള്‍ബുകളാണ് ഉപയോഗിക്കുക.ഒരു തൂണില്‍ രണ്ട് ബള്‍ബുകള്‍ പ്രകാശിക്കും. മുകളിലുള്ളത് ആറുവരിപ്പാതയിലേക്കും അടിയിലേത് സര്‍വീസ് റോഡിലേക്കുമാണ്. ഉദ്ഘാടനത്തിന് തയ്യാറായ തലപ്പാടി-ചെങ്കള (39 കിമി) റീച്ചില്‍ നിലവില്‍ 3,200 ബള്‍ബുകള്‍ പ്രകാശിച്ചുതുടങ്ങി. 38-42 മീറ്ററില്‍ ഇരുഭാഗത്തുമായി രണ്ട് പോസ്റ്റില്‍ നാല് ബള്‍ബുകള്‍ തെളിയും. ഒരുകിലോമീറ്ററില്‍ ചുരുങ്ങിയത് 100 വിളക്കുകള്‍ ഇങ്ങനെ വരും. അടിപ്പാതകളിലെ പ്രകാശം കൂടാതെയാണിത്. ഒരു തൂണിന്റെ ഉയരം റോഡില്‍നിന്ന് 10 മീറ്ററാണ്. ഒരു കിലോമീറ്ററിലെ വൈദ്യുത ബള്‍ബുകള്‍ പ്രകാശിക്കാന്‍ ശരാശരി 30 കിലോവാട്ട് വരെയെടുക്കും. കേരളം മുഴുവന്‍ ഒന്നിച്ച് പ്രകാശിക്കാന്‍ 16,700 കിലോവാട്ട് (16.70 മെഗാവാട്ട്) വേണം.
വൈദ്യുതി നല്‍കുന്നത് കെഎസ്ഇബി
ഓരോ റീച്ചിലും വിളക്കുകള്‍ക്ക് വൈദ്യുതി നല്‍കുന്നത് കെഎസ്ഇബിയാണ്. ദേശീയപാത അതോറിറ്റിയുടെ പേരിലാണ് കണക്ഷന്‍. 15 വര്‍ഷത്തേക്ക് നിര്‍മാണ ഏജന്‍സി തുകയടയ്ക്കും. തെരുവുവിളക്കിന്റെ താരിഫ് (ഏകദേശം ഒരു യൂണിറ്റിന് അഞ്ചുരൂപ) പ്രകാരമാണ് നിരക്ക് ഈടാക്കുക. ഒരുകിലോമീറ്ററില്‍ 12-15 കിലോവാട്ട് വരെയാണ് വൈദ്യുതി ഉപഭോഗം. 70 ഫീഡര്‍ പില്ലറുകള്‍ (നിയന്ത്രണ ബോക്‌സ്) ഉണ്ട്. ത്രീഫെയ്സ് എനര്‍ജി മീറ്റര്‍ ഉള്‍പ്പെടെ ഇതിലുണ്ടാകും. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ പ്രകാശിക്കാന്‍ ടൈമര്‍ സംവിധാനമുണ്ട്.