ഓണമടുത്തിട്ടും ശമ്പളം കിട്ടാതെ അയ്യായിരത്തിലേറെ ഗസ്റ്റ് അധ്യാപകർ

Share our post

തിരുവനന്തപുരം: ഓണമടുത്തിട്ടും ശമ്പളം കിട്ടാതെ കോളേജുകളിലെ ഗസ്റ്റ് അധ്യാപകർ. അലോട്‌മെന്റ് ഇല്ലാതെ ശമ്പളം നൽകരുതെന്ന് ട്രഷറി ഓഫീസർമാർക്ക് ധനവകുപ്പിന്റെ നിർദേശമുള്ളതിനാൽ അധ്യയനവർഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും അയ്യായിരത്തിലേറെ ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ടില്ല. പലയിടങ്ങളിലും കോളേജ് പ്രിൻസിപ്പൽമാർ ശമ്പളബില്ലുകൾ നൽകിയെങ്കിലും ട്രഷറികൾ മടക്കി.സ്കൂൾ അധ്യാപകർ സമാനമായ പ്രശ്നം നേരിട്ടപ്പോൾ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് ധനവകുപ്പ് പ്രത്യേകം ഇളവനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അലോട്‌മെന്റ് ഇല്ലാതെതന്നെ ഒക്ടോബർ മാസംവരെ ശമ്പളം നൽകാനാണ് അനുമതി. എന്നാൽ, ഇങ്ങനെയൊരു ഉത്തരവ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകർക്കായി പുറപ്പെടുവിച്ചിട്ടില്ല. നെറ്റ് യോഗ്യതയുള്ളവർക്ക് 2200 രൂപയും നെറ്റ് ഇല്ലാത്തവർക്ക് 1800 രൂപയുമാണ് ദിവസവേതനം. മഴയോ മറ്റോ മൂലമുള്ള പ്രാദേശിക അവധി വന്നാൽ, ആ ദിവസമൊന്നും ഇവർക്ക് ശമ്പളത്തിനു പരിഗണിക്കാറില്ല. ഇങ്ങനെ, പല കാരണങ്ങളാൽ ഗസ്റ്റ് അധ്യാപകർക്ക് പ്രതിമാസ വേതനം 30,000 രൂപയിൽ കവിയാറില്ല. ഉള്ള ശമ്പളംതന്നെ കിട്ടാത്തതാണ് ഈ വർഷം നേരിടുന്ന പ്രതിസന്ധി. പ്രത്യേക അലോട്‌മെന്റ് അനുസരിച്ചു മാത്രമേ ശമ്പളം വിതരണം ചെയ്യാവൂവെന്നാണ് ധനവകുപ്പ് നൽകിയിട്ടുള്ള നിർദേശം. അസംഘടിത ജീവനക്കാരാണ് കോളേജ് ഗസ്റ്റ് അധ്യാപകർ. അതിനാൽ, അവരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ആരും ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!