ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

തിരുവനന്തപുരം: ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തിക്കാൻ ആവശ്യമായ ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്‌കോ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കും. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.