അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിന് കൈമാറി. സതീഷിനെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എല്ലാ വിമാനത്താവളത്തിലേക്കും സതീഷ് എത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് കത്തും നൽകിയിരുന്നു. ഇത് പ്രകാരം ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. തുടർന്ന് വലിയതുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു. അതുല്യയുടെ അച്ഛൻ ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിലാണ് സതീഷ് ശങ്കറിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനിയറാണ് സതീഷ് ശങ്കർ. സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസും കേസെടുത്തിട്ടുണ്ട്.