കോളയാട്ട് ആധുനിക സ്റ്റേഡിയത്തിന് സ്ഥലമൊരുങ്ങുന്നു

കോളയാട്: പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം യാഥാർഥ്യത്തിലേക്ക്. കണ്ണവം റെയിഞ്ച് ഫോറസ്റ്റിൽ നിന്ന് സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം വിട്ടു നൽകുന്നതിനുള്ള സർവ്വേ നടപടികൾ തുടങ്ങിയതോടെയാണ് പഞ്ചായത്തിന്റെ ചിരകാല സ്വപ്നം സഫലമാവുന്നത്. നിലവിലുള്ള മിനി സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ കുറവാണ്. ഒരു ഭാഗത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി കൂടി ആരംഭിച്ചതോടെ ബാക്കിസ്ഥലം കായിക പരിശീലനങ്ങൾക്ക് തികയാതെയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണ സമിതിയാണ് കണ്ണവം വനത്തിന്റെ സ്ഥലം വിട്ടു കിട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. നിലവിലെ മിനി സ്റ്റേഡിയത്തോട് ചേർന്നുള്ള കണ്ണവം വനത്തിലെ നാലേക്കർ ഭുമിയാണ് ഇതിനായി കണ്ടെത്തിയത്. കോമ്പൻസേറ്ററി ഫോറസ്ട്രി പദ്ധതിയുടെ ഭാഗമായാണ് വനം വകുപ്പ് സ്ഥലം വിട്ടു നൽകുന്നത്. പഞ്ചായത്തിന് വിട്ടു നൽകുന്ന സ്ഥലത്തിന്റെ അളവിൽ പകരം സ്ഥലവും മുറിച്ചു മാറ്റുന്ന വൃക്ഷങ്ങൾക്ക് പകരം വൃക്ഷ തൈകൾ നട്ട് പരിപാലിക്കുക എന്നതാണ് പദ്ധതി. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ആധുനിക സ്റ്റേഡിയമാവും. കോളയാടിന്റെ കായിക സ്വപ്നങ്ങൾക്ക് പുതു ജീവനും കുതിപ്പുമേകാൻ ഇത് സഹായകരമാകുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. ഭൂമി വിട്ടുനൽകുന്നതിന്റെ ഭാഗമായുള്ള സർവ്വേ പ്രവർത്തനങ്ങൾക്ക് കണ്ണവം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പി.ഷൈജു, വാച്ചർ സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ്കുമാർ, അസി. സെക്രട്ടറി അനീഷ്, ഓവർസിയർ നിധീഷ് എന്നിവർ നേതൃത്വം നൽകി.