കായിക കുതിപ്പിന് കണ്ണൂരിൽ സിന്തറ്റിക് ട്രാക്ക്

കണ്ണൂർ: ജില്ലയിലെ കായികപ്പെരുമയിൽ മറ്റൊരു നാഴികക്കല്ലായി കണ്ണൂർ പൊലീസ് മൈതാനിയിലെ സിന്തറ്റിക് ട്രാക്കും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് നാടിന് സമർപ്പിക്കും. കേരള പൊലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ സ്കീമിന് കീഴിലാണ് കണ്ണൂർ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടിലും ജില്ല പൊലീസ് ആസ്ഥാനത്തും കായിക അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കിയത്. പൊലീസ് വകുപ്പിനുള്ളിലും അതിനപ്പുറത്തും ശാരീരിക ക്ഷമത, കായിക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഹചര്യമാണ് കണ്ണൂർ സിറ്റി പൊലീസ് മുൻകൈയെടുത്ത് ഒരുക്കിയത്. പൊലീസുകാർക്ക് മാത്രമല്ല പൊതുജനങ്ങൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കുകൂടി പ്രയോജനപ്പെടുംവിധം കായിക പരിശീലന സൗകര്യങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. 7.56 കോടിരൂപയുടെ ഭരണാനുമതിയോടെ 2024 മേയ് ആറിനാണ് പൊലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് കം ഫുട്ബാൾ കോർട്ട് നിർമാണം ആരംഭിക്കുന്നത്. കൂടാതെ, ഇന്റർലോക്ക് പേവിങ്, അലുമിനിയം കർബിങ്, ഗോൾ പോസ്റ്റുകൾ, ടേക്ക്-ഓഫ് ബോർഡുകൾ, മറ്റ് സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 61.31 ലക്ഷം രൂപയുടെ പ്രത്യേക അധിക എസ്റ്റിമേറ്റിലൂടെ അനുബന്ധ ജോലികളും നടത്തി. ഹൈദരാബാദിലെ ഗ്രേറ്റ് സ്പോർട്സ് ടെക്കാണ് പദ്ധതി നടപ്പാക്കിയത്. നിർമാണം ആരംഭിച്ച് ഒരു വർഷത്തിനിപ്പുറമാണ് പദ്ധതി യാഥാർഥ്യമായത്. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടത്തുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്പോർട്സ് സ്കൂളിലെ അത്ലറ്റിക്സ് താരങ്ങളും ഫുട്ബാൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്കൂൾ, കോളജ് കായിക മത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും നടക്കാറുണ്ട്. വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ശാരീരിക പരിശീലന പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും കായിക പ്രേമികളെ ആകർഷിക്കും. 1.42 കോടിയുടെ ഭരണാനുമതിയാണ് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഈ ഇൻഡോർ സൗകര്യത്തിന് ലഭിച്ചത്. ഉച്ചക്ക് 3.30ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും.