കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പ്; എസ്എഫ്ഐ – യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളിയെ തുടർന്ന് തടയാൻ ശ്രമിച്ച പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ – യുഡിഎസ്എഫ് നേതാക്കൾ ഉൾപ്പെടെ 220 ഓളം പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. എസ് എഫ് ഐ സംസ്ഥാന സെകട്ടറി പി എസ് സഞ്ജീവ്, എം എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി കെ നജാഫ്, കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി തുടങ്ങിയവരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തത്. കൂടാതെ മട്ടന്നൂർ പെരിഞ്ചേരിയിലെഅശ്വന്ത് (22), ഏച്ചൂർ മിൽ റോഡിലെ സനാദ് (22) , പള്ളിക്കുന്നിലെ വൈഷ്ണവ് (26), കാഞ്ഞിലേരിയിലെ ടി ആഷിഷ് (22), പാനൂരിലെ വൈഷ്ണവ് കാമ്പ്രത്ത് (23), ചേലേരിയിലെ സി വി അതുൽ (21), പയ്യന്നൂർ കണ്ടങ്കാളിയിലെ പുതിയടവൻ ഹൗസിൽ എം പി വൈഷ്ണവ്, പെരിങ്ങോത്തെ പി വി അഭിഷേക്, ശരത് രവീന്ദ്രൻ, ജോയൽ, അതുൽ, സിറാജ്, ഷാനിഫ്, അറഫാത്ത്, റിസ്വാൻ, മുഫ്സീർ, എന്നിവർക്കും കണ്ടലാറിയാവുന്ന 200 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പരസ്പരം ഏറ്റുമുട്ടിയ ഇരു വിഭാഗത്തെയും പോലീസ് ലാത്തിവീശിയാണ് വിരട്ടിയോടിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്കാരംഭിച്ച സംഘർഷം ഉച്ചക്ക് ഒന്നരയോടെയാണ് ശാന്തമായിരുന്നത്.