സ്‌കൂള്‍ പാചക തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചിന് മുന്‍പ് നൽകും

Share our post

സ്‌കൂള്‍ പാചക തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുന്ന കാര്യം ധന മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ പോലും സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യും. പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാചക തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മറ്റ് പ്രധാന തീരുമാനങ്ങൾ

നിലവില്‍ 300:1 എന്ന അനുപാതത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
പാചക തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി നിശ്ചയിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നല്‍കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കി.
പാചക തൊഴിലാളികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ ഉച്ചഭക്ഷണ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കും.
അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പാചക തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തി.
മിനിമം വേജസിന്റെ പരിധിയില്‍ നിന്നും സ്‌കൂള്‍ പാചക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ലേബര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ കുറവ് വരുത്താതെ പാചക തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ഈ വര്‍ഷവും ഓണറേറിയം നല്‍കും.
യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എ, ലേബര്‍ സെക്രട്ടറി ഡോ. കെ വാസുകി ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസ്, ലേബര്‍ കമ്മീഷണര്‍ ഷഫ്ന നസുറുദ്ധീന്‍ ഐ എ എസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി ഡോ. ചിത്ര എസ് ഐ എ എസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!