കേരളത്തിൽ പോസ്റ്റ് ബേസിക് ബി.എസ്‍.സി നഴ്‌സിങ്

കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വിവിധ സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടുവർഷം (24 മാസം) ദൈർഘ്യമുള്ള, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.
സ്ഥാപനങ്ങൾ, സീറ്റുകൾ
സർക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയകോളേജുകൾ, സർക്കാരുമായി കരാറിൽ ഏർപ്പെടുന്ന സ്വകാര്യ സ്വാശ്രയകോളേജുകൾ എന്നിവയിലെല്ലാം സർക്കാർ ക്വാട്ട സീറ്റുകൾ ലഭ്യമാണ്. മൈനോറിറ്റി പദവിയുള്ള സ്വകാര്യ സ്വാശ്രയകോളേജുകളിലെ ഗവൺമെന്റ് സീറ്റിൽ 20 ശതമാനം, ബന്ധപ്പെട്ട മൈനോറിറ്റി കമ്യൂണിറ്റി അപേക്ഷകർക്ക് പ്രവേശനപരീക്ഷയിലെ മെറിറ്റ് പരിഗണിച്ച് അനുവദിക്കും. മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ്/എൽബിഎസ്, ഗവൺമെന്റ് സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തും. സ്വാശ്രയകോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്ക് ബന്ധപ്പെട്ട സ്ഥാപനം പ്രവേശനം നൽകും. 2024 പ്രവേശനത്തിൽ തിരുവനന്തപുരം, എറണാകുളം സർക്കാർ നഴ്‌സിങ് കോളേജുകൾ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സിമെറ്റ്) പള്ളുരുത്തിയിലെ (കൊച്ചി) നഴ്‌സിങ് കോളേജ്, 13 സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നത്. 2025 പ്രവേശനത്തിൽ പ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക പിന്നീട് ലഭ്യമാക്കും.ഗവൺമെന്റ് കോളേജുകളിൽ ട്യൂഷൻ ഫീ 23,150 രൂപയാണ്. മറ്റുഫീസുകളും ഉണ്ടാകും. സ്വകാര്യ സ്വാശ്രയകോളേജുകളിലെ ഫീസ് പിന്നീട് പ്രഖ്യാപിക്കും.
പ്രവേശനയോഗ്യത
ഇന്ത്യക്കാരായിരിക്കണം. പിഐഒ/ഒസിഐ വിഭാഗക്കാർക്കും അപേക്ഷിക്കാം. എന്നാൽ, അവർക്ക് സംവരണ അർഹത ഉണ്ടാകില്ല. കേരളീയർക്കും
കേരളീയേതരർക്കും അപേക്ഷിക്കാം. കേരളീയേതരരെ സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കേ പരിഗണിക്കൂ.
ഓരോ വിഭാഗത്തിന്റെയും അർഹതാവ്യവസ്ഥ, നൽകേണ്ട രേഖകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.
കേരളീയരോ കേരളീയേതരരോ അല്ലാത്ത ഭാരതീയരെ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് (പരമാവധി 10 ശതമാനം) മെറിറ്റ് അടിസ്ഥാനമാക്കി മാനേജ്‌മെന്റിന് പരിഗണിക്കാം. ഇവരുടെ പ്രവേശനം ഈ പ്രോസ്പക്ടസിന്റെ പരിധിയിൽവരുന്നില്ല.
വിദ്യാഭ്യാസയോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായി പഠിച്ച്, പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. അംഗീകൃതസ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർക്കോടെ (മാർക്ക് പൂർണസംഖ്യയിലേക്ക് ക്രമീകരിക്കാൻ പാടില്ല) ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം) കോഴ്‌സ് ജയിച്ചിരിക്കണം. കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ/ബാധകമായ സംസ്ഥാന നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷനൽകുമ്പോൾ വേണം. അപേക്ഷനൽകേണ്ട അവസാനതീയതിയിൽ അക്കാദമിക് യോഗ്യത തൃപ്തിപ്പെടുത്തിയിരിക്കണം. സർവീസ് വിഭാഗം അപേക്ഷകർക്കും സൂചിപ്പിച്ച അർഹതാവ്യവസ്ഥകൾ ബാധകമാണ്. അവർ സർക്കാർ സർവീസിലെ റെഗുലർ ജീവനക്കാരായിരിക്കണം. എൻട്രി കാഡറിലെ പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 45. സർവീസ് വിഭാഗക്കാർക്ക് 49 വയസ്സ്.
പ്രവേശനപരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഎംആർ അധിഷ്ഠിത പ്രവേശനപരീക്ഷ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 16-ന് നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം 90 മിനിറ്റായിരിക്കും. ജിഎൻഎം കോഴ്‌സ് സിലബസ് അടിസ്ഥാനമാക്കി മൊത്തം 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം ഒരു മാർക്ക്. നെഗറ്റീവ് മാർക്കിങ് ഇല്ല. വിശദമായ സിലബസ് പ്രോസ്പക്ടസിൽ ഉണ്ട്. പ്രവേശനപരീക്ഷയിൽ യോഗ്യതനേടാൻ പട്ടികവിഭാഗക്കാർ 35-ഉം മറ്റുവിഭാഗക്കാരും സർവീസ് വിഭാഗക്കാരും 45-ഉം ശതമാനം മാർക്ക് നേടണം. സർവീസ് വിഭാഗക്കാരെ എൻട്രൻസ് മാർക്ക്, സർവീസ് സീനിയോറിറ്റി എന്നിവ അടിസ്ഥാനമാക്കിയും മറ്റുള്ളവരെ എൻട്രൻസ് മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലും തിരഞ്ഞെടുക്കും. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം ഓപ്ഷനുകൾ ക്ഷണിച്ച് കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വഴി മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ/എൽബിസ് ഡയറക്ടർ എന്നിവരുടെ മേൽനോട്ടത്തിൽ സീറ്റ് അലോട്‌മെന്റ് നടത്തും.