പത്ത്,12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും.അത്തരം സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമര്‍പ്പിക്കണം. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്കിയ അപേക്ഷയില്ലെങ്കില്‍ അനധികൃത അവധിയായി പരിഗണിക്കും.മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാര്‍ഥികളെ നോണ്‍ അറ്റന്‍ഡിങ് അല്ലെങ്കില്‍ ഡമ്മി കാന്റിഡേറ്റ് ആയി വേര്‍തിരിക്കും. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്കൂള്‍ അധികാരിയും ഒപ്പുവെക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്കൂളുകള്‍ അറിയിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു. പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാര്‍ത്തെടുക്കുന്നതിനും സ്ഥിരമായ ഹാജര്‍ ആവശ്യമാണെന്ന് ബോര്‍ഡ് പറഞ്ഞു. അതുകൊണ്ട് മേല്പറഞ്ഞ കാര്യങ്ങള്‍ വിദ്യാര്‍ഥികളെ സമയബന്ധിതമായി അറിയിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ബോര്‍ഡ് അറിയിച്ചു.പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കുന്നതിന് സിബിഎസ്എ മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും. ഈ പരിശോധനകളില്‍ ഹാജര്‍ രേഖകള്‍ പൂര്‍ത്തിയല്ലെന്ന് കണ്ടാല്‍ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പടെ സ്കൂളിനെതിരെ കടുത്ത നടപടിയുണ്ടാവും.