വേരിറങ്ങി 1.18 ലക്ഷം സൗഹൃദത്തണലുകൾ

കണ്ണൂർ: സൗഹൃദത്തിന്റെ കഥപറഞ്ഞ് സ്നേഹത്തണൽ വിരിക്കാൻ മണ്ണിൽ വേരിറങ്ങിയത് 1,18,410 വൃക്ഷത്തൈകൾ. വൃക്ഷങ്ങളും പരസ്പര സൗഹാർദവും വളരട്ടെ എന്ന ആഹ്വാനവുമായി ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലുമായി വൃക്ഷത്തൈകൾ കൈമാറിയത്. വിദ്യാലയങ്ങളിൽ 64,103 വൃക്ഷത്തൈകളാണ് കൈമാറിയത്. കലാലയങ്ങളിലും സാങ്കേതിക സ്ഥാപനങ്ങളിലുമായി 49207 തൈകളും നൽകി. ഹരിതകർമ സേന അംഗങ്ങൾ 2100 തൈകളാണ് സുഹൃത്തുക്കൾക്ക് കൈമാറി നട്ടു പിടിപ്പിച്ചത്.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു തൈ നടാം എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്ഷത്തൈകൾ വിദ്യാർഥികൾ തന്നെ ശേഖരിച്ച് സുഹൃത്തുകൾക്ക് കൈമാറുകയായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന് മരമാണ് മറുപടി എന്ന സന്ദേശമുയർത്തി സെപ്റ്റംബർ 31 വരെയുള്ള കാലയളവിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതി.ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ജില്ല തല നടീൽ ഉദ്ഘാടനം ചെറുതാഴം കോഓപറേറ്റീവ് കോളജിൽ നടൻ കെ.യു. മനോജ് നിർവഹിച്ചു. എല്ലാ ബ്ലോക് തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും തൈ കൈമാറ്റത്തിന്റെ ഉദ്ഘാടനവും വിദ്യാലയ തല പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്കൂളുകൾ, കലാലയങ്ങൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി.