ഭൂമി രജിസ്‌ട്രേഷന്‍; ആദ്യഘട്ടത്തില്‍ വ്യക്തികള്‍ക്ക് സ്വയം ആധാരമെഴുതാന്‍ കഴിയില്ല

Share our post

കൊല്ലം: ഡിജിറ്റല്‍ സര്‍വേക്കുശേഷം വ്യക്തികള്‍ക്ക്, ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി സ്വയം ആധാരം എഴുതാനുള്ള സംവിധാനം തുടക്കത്തില്‍ ഉണ്ടാകില്ല. ആധാരമെഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രമേ ഭൂമി രജിസ്‌ട്രേഷന് അനുമതിയുണ്ടാകൂ.ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍, റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ ഭൂമിസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിക്കുന്ന ഏകജാലക സംവിധാനമായ ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടലില്‍ (entebhoomi.kerala.gov.in), സിറ്റിസണ്‍ ഐഡി നല്‍കാതെ ആധാരമെഴുത്തുകാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രം ലോഗിന്‍ ഐഡി നല്‍കാനാണ് തീരുമാനം.നേരത്തേ സിറ്റിസണ്‍ ഐഡി എന്ന പേരില്‍ ഭൂമി വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും മാത്രം ലോഗിന്‍ ഐഡി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തൊഴില്‍മേഖലയെന്ന നിലയില്‍ ആധാരമെഴുത്തുകാരുടെ ആവശ്യം അംഗീകരിച്ച്, ആധാരം എഴുത്തുകാര്‍ക്കും അഭിഭാഷകര്‍ക്കുംകൂടി ഐഡി നല്‍കാന്‍ പിന്നീട് തീരുമാനിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല.

സംയോജിത പോര്‍ട്ടല്‍ വഴി ആധാരമെഴുതാനുള്ള നടപടിക്രമങ്ങള്‍ രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളില്‍ അന്തിമഘട്ടത്തിലാണ്. വിലയാധാരം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങി മുപ്പതോളം തരത്തിലുള്ള ആധാരങ്ങളുടെ മാതൃക (ടെംപ്ലേറ്റ്) രജിസ്‌ട്രേഷന്‍വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലെ സങ്കീര്‍ണത വ്യക്തികള്‍ സ്വയം ആധാരമെഴുതുമ്പോള്‍ കുരുക്കാകുമെന്ന ആശങ്ക കാരണമാണ് തുടക്കത്തില്‍ ആധാരമെഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രം രജിസ്‌ട്രേഷന്‍ നടത്തുന്നതെന്നാണ് വിവരം.പൈലറ്റ് പ്രോജക്ട് എന്നനിലയില്‍ 14 ജില്ലകളിലെ 14 വില്ലേജുകളില്‍ പദ്ധതി തുടങ്ങുമെന്നാണ് സൂചന. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലെല്ലാം തുടങ്ങണമെന്ന വാദവും ഉന്നത തലങ്ങളിലുണ്ട്. വ്യക്തികള്‍ക്ക് സ്വയം ആധാരം എഴുതാനുള്ളനിലയിലാണ് ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈകാതെ സിറ്റിസണ്‍ ഐഡി നല്‍കി, ഇതിനുള്ള സൗകര്യം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!