ഒ.ടി.ടി സേവനം ആരംഭിക്കാൻ കെ-ഫോൺ; അടുത്ത വർഷത്തോടെ മൂന്ന് ലക്ഷം കണക്ഷനുകൾ, എങ്ങനെ നേടാം?

കൊച്ചി: സംസ്ഥാനത്ത് കെ-ഫോൺ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 2026 മാർച്ച് അവസാനത്തോടെ മൂന്നുലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്നു. എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ 1.13 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 23,163 സർക്കാർ ഓഫീസുകളിലും 73,070 വീടുകളിലും ഇതിനോടകം കണക്ഷൻ എത്തിക്കാൻ കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,194 വീടുകളിലും കണക്ഷൻ ലഭ്യമാക്കി. 3,032 എന്റർപ്രൈസ് കണക്ഷനുകളുമുണ്ട്. ഒന്നര വർഷമായി സെക്രട്ടേറിയറ്റിലും ഒരു വർഷമായി നിയമസഭാ മന്ദിരത്തിലും കെ-ഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്.പതിനായിരത്തിലേറെ കണക്ഷനുകളുള്ള 108 ഇന്റർനെറ്റ് സേവനദാതാക്കളാണ് രാജ്യത്തുള്ളത്. ചുരുങ്ങിയകാലംകൊണ്ട് അതിൽ നാൽപതാം സ്ഥാനത്തേക്ക് ഉയരാൻ കെ-ഫോണിന് കഴിഞ്ഞിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ‘മാതൃഭൂമി’യോടു പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം 66 കോടി രൂപയായിരുന്നു വരുമാനം. ഇതിൽ 34 കോടി രൂപ സർക്കാർ വകുപ്പുകളിൽനിന്ന് കിട്ടാനുണ്ട്. ഏതാണ്ട് 20 കോടി രൂപയാണ് പ്രവർത്തന ലാഭം. നടപ്പുസാമ്പത്തിക വർഷം 175 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. മികച്ച വേഗവും കുറഞ്ഞ നിരക്കിലുള്ള വിവിധ പ്ലാനുകളും ഓഫറുകളുമടക്കം നൽകിക്കൊണ്ടാണ് കെ-ഫോൺ വിപണി പിടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് 4,600 ആദിവാസി ഉന്നതികളിൽ ‘കണക്ടിങ് ദി അൺകണക്ടഡ്’ പദ്ധതിപ്രകാരം ഇന്റർനെറ്റ് സേവനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ-ഫോൺ. ഇതുവഴി 70,000 കണക്ഷനുകൾ ലഭ്യമാക്കാനാണ് പദ്ധതി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് തുടങ്ങിയ ആദിവാസി ഉന്നതികളിൽ 500 കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു.
കണക്ഷൻ എങ്ങനെ നേടാം?
കെ-ഫോണിന്റെ ആപ്പ് (EnteKFON), വെബ്‌സൈറ്റ് (www.kfon.in) എന്നിവയിൽ പേരും വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്താൽ കണക്ഷനുവേണ്ടി അപേക്ഷിക്കാം. 18005704466 എന്ന ടോൾ ഫ്രീ നമ്പരിലൂടെയും കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയും സേവനം ലഭ്യമാണ്. 299 രൂപ മുതലുള്ള വിവിധ പ്ലാനുകളുണ്ട്.
ഒടിടി സേവനം ഒരു മാസത്തിനകം
ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒടിടി സേവനം കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെ-ഫോണ്‍. 28 ഒടിടി പ്ലാറ്റ്‌ഫോമുകളും 350-ഓളം ചാനലുകളും അടങ്ങുന്ന പാക്കേജ് ഒരു മാസത്തിനകം ലഭ്യമാക്കാനാവുമെന്ന് കെ-ഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു. ജിയോ ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, ആമസോണ്‍ പ്രൈം വീഡിയോ, സണ്‍ നെക്‌സ്റ്റ് തുടങ്ങിയ മുന്‍നിര ഒടിടികള്‍ ഇതിലുണ്ടാവും. സേവനത്തിന് പ്രത്യേക പാക്കേജുകള്‍ക്ക് രൂപം നല്‍കും.