പയ്യാമ്പലത്ത് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂർ: പയ്യാമ്പലം പുലിമുട്ടിനടുത്ത് മീൻപിടിത്ത ഫൈബർ തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശികളായ രോഷൻബാബു, രാഹുൽ രാജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. പുലിമുട്ട് ഭാഗത്ത് മത്സ്യലഭ്യതയുണ്ടെന്ന് മനസിലാക്കി കുഞ്ഞിപാണൻ ഭഗവതി എന്ന ഫൈബർ വള്ളം ഇവിടേക്ക് നീങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് നിയന്ത്രണം വിട്ട് ഒഴുകി മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു തോണിക്കാർ ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി. മറ്റു വള്ളക്കാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചച്ചെങ്കിലും പാറക്കെട്ടുകൾക്കിടയിലായതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. നീന്തി കരക്കെത്തി അവശനിലയിലായ ഇരുവരെയും ഏഴരയോടെ അഴീക്കൽകോസ്റ്റൽ എസ്ഐ വേണുഗോപാൽ, എഎസ്ഐ ഷിജിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തി. അതു വരെ ഇവർ നീന്തിയും പാറക്കെട്ടിൽ പിടിച്ചും നിൽക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയക്ക് വിധേയമാക്കിയ ഇരുവർക്കും പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലേക്ക് അയച്ചു. ബോട്ട് തകർന്ന നിലയിലാണ്. എഞ്ചിനും വലകളും പൂർണമായും തകർന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു