ഓപ്പറേഷന്‍ ഡി -ഹണ്ട്; 125 പേർ അറസ്റ്റിൽ

തിരുവനന്തപുരം : ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 125 പേർ അറസ്റ്റിൽ. 112 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 1875 പേരെയാണ് പരിശോധിച്ചത്. ആകെ 33.28 ഗ്രാം എംഡിഎംഎയും 18.09 കിലോ കഞ്ചാവും 93 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടപ്പാക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്. റേഞ്ച് അടിസ്ഥാനത്തിലും ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെൽ പ്രവർത്തിക്കുന്നുണ്ട്.