ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: തീയതി നീട്ടി

കണ്ണൂർ: ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം. വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ, ശാരീരിക മാനസിക വെല്ലുവിളിയുള്ള കുട്ടികളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ തുടങ്ങിയവർക്ക് മുൻഗണന. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിരവരുമാനം ഉള്ളവരോ പത്ത് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവരോ ആകരുത്. പ്രത്യേകം തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷകൾ കലക്ട്രേറ്റിലെ ന്യൂനപക്ഷ സെക്ഷനിൽ നേരിട്ടോ, എഡിഎം, ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കലക്ട്രേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാഫോറം www.minortiywelfare.kerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കും.