സ്വതന്ത്രമായ സ്വയംപഠനാവസരങ്ങൾ, ഓപ്പൺ-വിദൂര വിദ്യാഭ്യാസം അറിയേണ്ടതെല്ലാം

കാമ്പസ് അധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് ഉന്നത പഠനത്തിന് അവസരം നൽകുക എന്ന ലക്ഷ്യമാണ് ഓപ്പൺ-വിദൂര വിദ്യാഭ്യാസത്തിനുള്ളത്. സമയം, സ്ഥലം എന്നിവയുടെ പരിമിതികളിൽനിന്ന് പഠിതാക്കളെ മോചിപ്പിച്ച് സ്വതന്ത്രമായ സ്വയംപഠനാവസരങ്ങൾ സൃഷ്ടിക്കുന്നു. ഇതുവഴി ക്ലാസ്‌റൂമിന് പുറത്ത് അവരുടെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഗുണപരവും മൂല്യമുള്ളതുമായ വിദ്യാഭ്യാസ അനുഭവം നൽകുന്നു. സ്വന്തം അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും അധ്യാപക കേന്ദ്രീകൃതമാകാതെ അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും അവസരം നൽകുന്നതാണ് ഓപ്പൺ-വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ.
നിയമങ്ങളും നിയന്ത്രണങ്ങളും
ഓപ്പൺ-വിദൂര വിദ്യാഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസവും നിയന്ത്രിക്കുന്നത് യുജിസി (ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ്) റെഗുലേഷൻസ് 2020 പ്രകാരമാണ്. സംസ്ഥാന-കേന്ദ്ര സർവകലാശാലകൾ, ഓപ്പൺ സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. യുജിസിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ (ഡിഇബി) ആണ് അംഗീകാരം നൽകുന്നതും നിയന്ത്രണ ഏജൻസിയും. ഇഗ്‌നോ പ്രവർത്തിക്കുന്നത് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ആക്ട് 1985 പ്രകാരമാണ്.
സ്ഥാപനങ്ങളുടെ അംഗീകാരം
യുജിസി ഡിഇബിയുടെ അംഗീകാരം ലഭിച്ച സർവകലാശാലകൾക്ക് മാത്രമേ ഓപ്പൺ-ഡിസ്റ്റൻസ് രീതിയിൽ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കാനാകൂ. ഇതിന് പുറമേ ഓരോ അക്കാദമിക വർഷത്തിലും മുഴുവൻ പ്രോഗ്രാമുകൾക്കും പ്രത്യേക അനുമതിയും നേടണം.സ്ഥാപനങ്ങളുടെ പേരുവിവരവും അനുവദിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും www.deb.ugc.ac.in ൽ ലഭ്യമാണ്. ഇതുവഴി പ്രവേശനം നേടുന്ന സ്ഥാപനത്തിനും പ്രോഗ്രാമിനും പ്രസ്തുത അക്കാദമിക വർഷത്തിൽ അംഗീകാരമുണ്ടോ എന്ന വിവരം പരിശോധിച്ച് ഉറപ്പുവരുത്തണം. ഭൗതിക സാഹചര്യങ്ങൾ, കരിക്കുലം, അധ്യാപകരുടെ എണ്ണം, പഠനസാമഗ്രികളുടെ ലഭ്യത, പഠനസഹായ കേന്ദ്രങ്ങൾ, പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് അനുമതി നൽകുന്നത്.
എന്നാൽ, ‘പ്രൈവറ്റ് രജിസ്‌ട്രേഷൻ’ എന്ന രീതിയിൽ പ്രവേശനം നൽകുന്നത് യുജിസി നിയമങ്ങൾക്ക് വിരുദ്ധവും അംഗീകാരം ഇല്ലാത്തതുമാണ്. കൂടാതെ, അംഗീകൃത ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യസേവന ദാതാക്കളുമായി സഹകരിച്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നതും നിയമപരമല്ല. സ്ഥാപനത്തിനും പ്രോഗ്രാമിനുമുള്ള അംഗീകാരം പ്രോഗ്രാം പൂർത്തിയാകുന്നതുവരെ (തുടർന്നുള്ള വർഷങ്ങളിലേക്ക് അംഗീകാരം ഇല്ലെങ്കിൽപ്പോലും) ഉണ്ടാകും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), മറ്റ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ എന്നിവ യുജിസിയുടെ പരിധിയിൽ വരുന്നില്ല. പ്രവേശനം നിരോധിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പേരുവിവരം യുജിസി വെബ്‌സൈറ്റിൽ ലഭ്യമാണ്.
കേരള നിയമസഭ പാസാക്കിയ 2021-ലെ ആക്ട് പ്രകാരം കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് (www.sgou.ac.in) 31 യുജി, പിജി പ്രോഗ്രാമുകൾക്ക് യുജിസി അംഗീകാരമുണ്ട്.
നിരോധിത പ്രോഗ്രാമുകൾ
ടെക്‌നിക്കൽ, പ്രൊഫഷണൽ, ഗവേഷണാധിഷ്ഠിത വിഷയ മേഖലകളിലുള്ള ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ ഓപ്പൺ ഡിസ്റ്റൻസ് രീതിയിൽ നൽകാൻ പാടില്ലെന്നാണ് യുജിസി നിയമം. എൻജിനിയറിങ്, മെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, പാരാമെഡിക്കൽ, ഫാർമസി, നഴ്‌സിങ്, ഡെന്റൽ, ആർക്കിടെക്ചർ, നിയമം, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിങ് ടെക്‌നോളജി, കളിനറി സയൻസ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, വിഷ്വൽ ആർട്സ്, സ്പോർട്‌സ്, ഏവിയേഷൻ എന്നീ വിഷയങ്ങളിലുള്ള ബിരുദങ്ങളും എംഫിൽ, പിഎച്ച്ഡി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഡിഇബി, എബിസി ഐഡികൾ
അംഗീകാരമുള്ള സ്ഥാപനങ്ങളിൽമാത്രം പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2024 ജൂൺ മുതൽ ഡിഇബി, എബിസി (അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്) ഐഡികൾ യുജിസി നിർബന്ധമാക്കിയിട്ടുണ്ട്. പ്രവേശനം നേടുന്നവർ ആദ്യം abc.gov.in ലെ Digi locker അക്കൗണ്ടിൽനിന്നും എബിസി ഐഡിയും തുടർന്ന് deb.ugc.ac.inൽനിന്നും ഡിഇബി ഐഡിയും എടുക്കണം.
പഠന സഹായകേന്ദ്രങ്ങളും പഠനസാമഗ്രികളും
പഠിതാവിന്റെ സൗകര്യാർഥം തിരഞ്ഞെടുക്കാൻ സാധിക്കുന്ന പഠന സഹായകേന്ദ്രങ്ങളിൽ (ലേണർ സപ്പോർട്ട് സെന്റർ ) മുൻകൂട്ടി നിശ്ചയിച്ചു നടത്തപ്പെടുന്ന നിശ്ചിത മണിക്കൂറുകൾമാത്രം ക്രമീകരിച്ചിരിക്കുന്ന അക്കാദമിക് കൗൺസലിങ് സെഷനുകൾ ഫലപ്രദമായ സംശയനിവാരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും സഹായകമാവും. സ്വയം പഠനത്തിനും വിലയിരുത്തലിനും എളുപ്പത്തിൽ സാധ്യമാകുന്ന തരത്തിൽ ശാസ്ത്രീയമായി തയ്യാറാക്കിയ ‘സെൽഫ് ലേണിങ് മെറ്റീരിയൽസ്’ അച്ചടിച്ചു പുസ്തകരൂപത്തിലും വെർച്വൽ രൂപത്തിലും നൽകുന്നത് ഓപ്പൺ സർവകലാശാലകളുടെ പ്രത്യേകതയാണ്.
ഇരട്ട ബിരുദം
വിദ്യാർഥിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുകയും വിവിധ വിഷയ മേഖലകളിലുള്ള മൾട്ടി ഡിസിപ്ലിനറി പഠനം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരേ സമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകൾ ചെയ്യുന്നതിന് യുജിസി അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരു വിദ്യാർഥിക്ക് റഗുലർ മോഡിലുള്ള രണ്ട് മുഴുവൻ സമയ അക്കാദമിക് പ്രോഗ്രാമുകളോ അല്ലെങ്കിൽ ഒന്ന് റെഗുലർ മോഡിലുള്ളതും മറ്റൊന്ന് ഓപ്പൺ ഡിസ്റ്റൻസ്/ഓൺലൈൻ മോഡിലുമുള്ളതോ അല്ലെങ്കിൽ രണ്ട് ഓപ്പൺ ഡിസ്റ്റൻസ്/ഓൺലൈൻ പ്രോഗ്രാമുകളോ ഒരേ സമയം ചെയ്യാം. ഇത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരമായിരിക്കും. വിവിധ രീതികളിലൂടെ വിദ്യാർഥികൾക്ക് ഔദ്യോഗികവും അനൗപചാരികവുമായ വിദ്യാഭ്യാസം നേടുന്നത് എളുപ്പമാക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, പിഎച്ച്ഡി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കൺട്രോളർ ഓഫ് എക്്‌സാമിനേഷൻസ് ആണ് ലേഖകൻ)