കേസുകളിൽ പിടികൂടിയ 198 വാഹനങ്ങൾ ലേലം ചെയ്യാൻ എക്സൈസ്

കണ്ണൂർ: അബ്കാരി, മയക്കുമരുന്ന് കേസുകളിൽ പിടിച്ചെടുത്ത 198 വാഹനങ്ങൾ ലേലം ചെയ്യാൻ ജില്ല എക്സൈസ് വകുപ്പ് തീരുമാനം. ഓൺലൈൻ ലേലത്തിനോടൊപ്പം പൊതുലേലവും നടത്തും. 12ന് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് വാഹനലേലം. 2023 വരെ മോഡലിൽ ഉൾപ്പെട്ട 25 കാർ, 21 ഓട്ടോറിക്ഷ, 88 സ്കൂട്ടർ, 57 ബൈക്ക്, ഏഴ് ഗുഡ്സ് കാരിയർ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.രാവിലെ ഒമ്പതുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 5000 രൂപ നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. വാഹനം ഏറ്റെടുക്കുന്നില്ലെങ്കിൽ നിരതദ്രവ്യം മടക്കിനൽകും. അന്നേദിവസം ലേലം പൂർത്തിയായില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തുടരും. വ്യവസ്ഥകളും ലേലത്തിൽ ഉൾപ്പെടുത്തിയ വാഹനങ്ങളുടെ വിവരങ്ങളും കണ്ണൂർ എക്സൈസ് ഡിവിഷൻ ഓഫിസ്, ജില്ലയിലെ മറ്റ് എക്സൈസ് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ, കലക്ടറുടെ വെബ്സൈറ്റ്, ജില്ല പൊലീസ് മേധാവിയുടെ വെബ്സൈറ്റ്, ആർ.ടി.ഒ ഓഫിസ്, പി.ഡബ്ല്യു.ഡി ഓഫിസ്, എക്സൈസ് വെബ്സൈറ്റായ https://keralaexcise.gov.in എന്നിവയിൽനിന്ന് ലഭിക്കും.ലേലത്തിൽ ഉൾപ്പെടുത്തിയ വാഹനങ്ങൾ ബന്ധപ്പെട്ട ഓഫിസുകളിൽനിന്ന് നേരിട്ട് പരിശോധിക്കാം. ഫോൺ: 0497 2706698. ഓൺലൈൻ പ്ലാറ്റ്ഫോമായ എം.എസ്.ടി.സിയിൽ ഒരു തവണ ഓൺലൈൻ ലേലത്തിലുൾപ്പെടുത്തി വിൽപന നടക്കാത്ത വാഹനങ്ങളാണ് പൊതുലേലം വഴി വിൽപന നടത്തുക. 11 മുതൽ 21വരെയാണ് പൊതുലേലം നടക്കുക.