വാഹനപരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്

മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടിയില്‍ വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ്ചെയ്തു.മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവര്‍ കരുവമ്പ്രം പാലായി നൗഷാദിനെയാണ് സസ്പെന്‍ഡ്ചെയ്തത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ മലപ്പുറം വാറങ്ങോട് ചപ്പങ്ങക്കാട്ടില്‍ ജാഫറിനാണ് പോലീസുകാരന്റെ മര്‍ദനമേറ്റത്. ജാഫറിന്റെ സഹോദരന് ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് നൗഷാദിനെ വെള്ളിയാഴ്ചതന്നെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്കു മാറ്റിയിരുന്നു. എന്നാല്‍ ജാഫറിന്റെ മുഖത്ത് പോലീസുകാരന് ക്രൂരമായി അടിക്കുന്നതും ഷര്‍ട്ട് പിടിച്ചുവലിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയ പ്രവൃത്തിയെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നതോദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടും കൈമാറി. ഇതേത്തുടര്‍ന്നാണ് സസ്പെന്ഷന് ഉത്തരവ്. കനറാബാങ്ക് എടിഎമ്മിലേക്ക് പണവുമായി പോകുകയായിരുന്ന വാനിലെ ഡ്രൈവറാണ് ജാഫര്‍. പോലീസ് കൈ കാണിച്ചപ്പോള്‍ ജാഫര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിവന്നു. കാക്കി യൂണിഫോം ധരിച്ചില്ലെന്ന നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് 500 രൂപ ഫൈന്‍ അടിച്ചുകൊടുത്തു. 250 രൂപ പിഴയടയ്ക്കാമെന്നും 500 രൂപ അടയ്ക്കാനാകില്ലെന്നും ജാഫര്‍ തര്‍ക്കം പറഞ്ഞതോടെയാണ് പോലീസുകാരന് മര്‍ദനത്തിനു മുതിര്‍ന്നത്.സംഭവത്തിനുശേഷം ജാഫറിനെ ജീപ്പിലേക്കു വലിച്ചുകയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ഭീഷണിപ്പെടുത്തുകയും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ടിന് സഹോദരന് പരാതി നല്കി.