വീട് കണ്ണൂര്‍’ അനാഥ ബാല്യങ്ങള്‍ക്ക് കരുതലിന്റെ ഇടം

Share our post

കണ്ണൂര്‍:ജീവിത സാഹചര്യങ്ങള്‍ ഒറ്റപ്പെടുത്തിയ ബാല്യങ്ങള്‍ക്ക് കരുതലുമായി ജില്ലയില്‍ ഒരു വീടൊരുങ്ങി. മുട്ടിലിഴഞ്ഞും പിച്ചവച്ചും നടന്നും കളിച്ചും പഠിച്ചും വളരാനൊരു വീട്. സ്നേഹം കൊണ്ട് ഊട്ടാനും ഉറക്കാനും ആയമ്മമാരും. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടത്താണ് ‘വീട് കണ്ണൂര്‍’ എന്ന ശിശുപരിപാലന കേന്ദ്രം സജ്ജമായിരിക്കുന്നത്. 10 കുട്ടികളുടെ പരിപാലനത്തിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നവജാത ശിശുക്കള്‍ മുതലുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കേന്ദ്രം തയ്യാറായിരിക്കുന്നത്. പിണറായി പുത്തന്‍കണ്ടം അങ്കണവാടിയോട് ചേര്‍ന്നാണ് വീട് കണ്ണൂര്‍ പ്രവര്‍ത്തിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കായി തൊട്ടിലുകള്‍, കിടക്കകള്‍, വിരിപ്പുകള്‍, ചെറിയ കളിക്കോപ്പുകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ജില്ലാ ശിശുവികസന ഓഫീസില്‍ നിന്ന് കൈമാറിയ മൂന്നുമാസം പ്രായമുള്ള ഒരു കുട്ടിയാണ് കേന്ദ്രത്തിലുള്ളത്. ഒരു നേഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, രണ്ട് ആയമാര്‍, മാനേജര്‍, ഡ്രൈവര്‍ കം സെക്യൂരിറ്റി എന്നിവരാണ് കേന്ദ്രത്തിന്റെ ചുമതലയിലുള്ളത്. അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിക്കപ്പെടുന്നതുള്‍പ്പെടെ അനാഥാവസ്ഥയില്‍ ഉള്ള കുട്ടികളെ പരിപാലിക്കാന്‍ ജില്ലാ തലങ്ങളില്‍ ശിശുപരിപാലന കേന്ദ്രം ആരംഭിക്കണമെന്ന സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരം സംസ്ഥാന സമിതിയുടെ സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!