ഫാസ്ടാഗ് വാര്‍ഷിക പാസ് 15 മുതല്‍; നാഷണല്‍ ഹൈവേയില്‍ ഓക്കെയാണ്, സ്റ്റേറ്റ് ഹൈവേയില്‍ കാശ് പോകും

Share our post

ദേശീയപാതകളില്‍ ടോളിനായി ഫാസ്ടാഗിന്റെ വാര്‍ഷികപാസ് ഓഗസ്റ്റ് ­15ന് നിലവില്‍വരും. സ്ഥിരം യാത്രക്കാര്‍ക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കില്‍ ഒരുവര്‍ഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോള്‍ഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ രണ്ടു ട്രിപ്പായാകും പരിഗണിക്കുക. വാണിജ്യേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്വകാര്യകാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്കുമാത്രമാകും നേട്ടം. ട്രക്കുകള്‍, ടെമ്പോകള്‍ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല.

ഫാസ്ടാഗ് പാസ് അതിവേഗപാതകളിലും ഉപയോഗിക്കാം

ഫാസ്ടാഗിന്റെ വാര്‍ഷികപാസ് ദേശീയപാത അതോറിറ്റികള്‍ക്കുകീഴില്‍ വരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോള്‍ ഫീസ് പ്ലാസകളിലെല്ലാം വാര്‍ഷികഫീസിനുള്ള ഫാസ്ടാഗ് പാസ് ഉപയോഗിക്കാം. എന്നാല്‍, സംസ്ഥാനസര്‍ക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോള്‍ ഇടങ്ങളില്‍ സാധാരണ ഫാസ്ടാഗ് വഴി ടോള്‍ നല്‍കേണ്ടിവരും. 200 ട്രിപ്പ് പൂര്‍ത്തിയായാല്‍ വാര്‍ഷികപാസ് മാറി ഫാസ്ടാഗ് സാധാരണരീതിയിലേക്കു മാറും. വീണ്ടും വാര്‍ഷികപാസെടുത്ത് റീ ആക്ടിവേറ്റ് ചെയ്യാം. രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍വഴിയും എഎച്ച്എഐ വെബ്‌സൈറ്റ് വഴിയും വാര്‍ഷികപാസ് എടുക്കാനാകും. വാഹന്‍ ഡേറ്റബേസിലെ വാഹനനമ്പര്‍ പരിശോധിച്ച് ഏതുതരത്തിലുള്ള വാഹനമാണെന്നു നോക്കിയാണ് പാസ് അനുവദിക്കുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയായി വാര്‍ഷികപാസിന് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയാല്‍ 3000 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ചെയ്യാം. രണ്ടുമണിക്കൂറിനകം ഇതു പ്രാബല്യത്തിലാകുമെന്ന് അതോറിറ്റി അറിയിച്ചു.നിലവിലുള്ള ഫാസ്ടാഗില്‍ത്തന്നെ വാര്‍ഷികപാസ് ആക്ടിവേറ്റ് ചെയ്യാം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫാസ്ടാഗില്‍ മാത്രമാകും സേവനം ലഭ്യമാകുക. വാര്‍ഷികപാസ് രജിസ്റ്റര്‍ചെയ്തശേഷം മറ്റുവാഹനങ്ങളിലൊട്ടിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. അങ്ങനെ ഉപയോഗിച്ചാല്‍ പാസ് സ്വയം ഡീആക്ടിവേറ്റ് ആകും. രജിസ്റ്റര്‍ചെയ്ത വാഹനത്തിന്റെ മുന്നിലെ വിന്‍ഷീല്‍ഡ് ഗ്ലാസില്‍ത്തന്നെ ഫാസ്ടാഗ് ഒട്ടിക്കണമെന്നും എന്‍എച്ച്എഐ വ്യക്തമാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!